എരുമേലി: നിയന്ത്രണം വിട്ട് കടയുടെ മുമ്പിലേക്ക് ഇടിച്ച കാറിനുള്ളിൽ സ്റ്റിയറിംഗിനും സീറ്റിനും ഇടയിൽ കുടുങ്ങി ബോധരഹിതനായ ഡ്രൈവറെ രക്ഷിച്ചത് മൂന്ന് വിദ്യാർഥികൾ.
തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ സ്റ്റുഡന്റ്സ് പോലീസ് മുൻ കേഡറ്റുകളായ മൂന്ന് വിദ്യാർഥികൾ രക്ഷിച്ചതാകട്ടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥനെ.
വോട്ടെടുപ്പ് നടന്ന ഇക്കഴിഞ്ഞ ആറിന് അർധരാത്രിയിൽ എരുമേലി – പമ്പാവാലി ശബരിമല പാതയിൽ മുക്കൂട്ടുതറ ടൗണിലായിരുന്നു അപകടം.
ഉമ്മിക്കുപ്പ സെന്റ് മേരീസ് സ്കൂൾ സ്റ്റുഡന്റസ് പോലീസ് മുൻ കേഡറ്റുകളും ഇപ്പോൾ ബിരുദ വിദ്യാർഥികളുമായ ടോണി ജോയി, നിജിൻ ചാക്കോ, ടോംസി ജോയി എന്നിവരാണ് രക്ഷകരായത്.
മുക്കൂട്ടുതറ ഇടകടത്തി കണ്ടത്തിൽ സജി – സിന്ധു ദമ്പതികളുടെ മകനാണ് നിജിൻ. തുലാപ്പള്ളി വട്ടപ്പാറയിൽ പറപ്പള്ളി വീട്ടിൽ റിട്ടയേഡ് അധ്യാപക ദമ്പതികളായ ജോയി – ഡോളിയുടെ മക്കളും ഇരട്ട സഹോദരൻമാരുമാണ് ടോണിയും ടോംസിയും. ചാത്തൻതറ സ്വദേശിയായ പോളിംഗ് ഓഫീസറാണ് അപകടത്തിൽപ്പെട്ടത്.
രക്ഷാ പ്രവർത്തനത്തിനിടെ നിജിന് കാലിൽ പരിക്കേൽക്കുകയും ചെയ്തു. മൂവരും കാഞ്ഞിരപ്പള്ളിയിൽ വോട്ടെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് ബൈക്കുകളിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഫോൺ കോൾ അറ്റൻഡ് ചെയ്ത് വഴിയിൽ സംസാരിച്ചു കൊണ്ടു നിൽക്കുമ്പോഴാണ് ഒരു കാർ പാഞ്ഞുവന്ന് സമീപത്തെ കടയിലേക്ക് ഇടിച്ചത്.
കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. സ്റ്റിയറിംഗിനും സീറ്റിനും ഇടയിൽകുടുങ്ങിയ നിലയിൽ ബോധരഹിതനായി കിടക്കുകയായിരുന്നു ഡ്രൈവർ. മുൻ ഡോർ തുറക്കാനാവാതെ ഇടിച്ചു ചുളുങ്ങിയ നിലയിലായിരുന്നു.
ബാക്ക് ഡോർ തുറന്ന് കാറിനുള്ളിൽ കയറി വിദ്യാർഥികൾ ഡ്രൈവിംഗ് സീറ്റ് പുറകോട്ട് വലിച്ചുമാറ്റി ഡ്രൈവറെ പുറത്തിറക്കി വെള്ളം തളിച്ച് എണീൽപ്പിച്ചു.
ഈ സമയം അതുവഴി വാഹനങ്ങൾ ഒന്നും വരാഞ്ഞതിനാൽ അവശ നിലയിലായിരുന്ന ഡ്രൈവറെ തങ്ങളുടെ ബൈക്കിൽ സുരക്ഷിതമാക്കി കയറ്റി മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് പ്രാഥമിക ചികിത്സയിൽ ഓഫീസർ ആരോഗ്യനില വീണ്ടെടുത്തു.
തൊടുപുഴയിൽ വോട്ടെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പോളിംഗ് ഓഫീസറാണ് കാർ ഓടിച്ചു വരുന്നതിനിടെ അപകടത്തിൽപ്പെട്ടത്.
ഡ്യൂട്ടിയുടെ ക്ഷീണം മൂലം ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയെന്നും അങ്ങനെയാണ് നിയന്ത്രണം തെറ്റി കാർ ഇടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികൾ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ എത്തിയോ എന്നറിയാൻ സ്റ്റുഡന്റ്സ് പോലീസിന്റെ ചുമതലയുള്ള പോലീസ് ഓഫീസർ ഫോണിൽ വിദ്യാർഥികളെ വിളിച്ചപ്പോഴാണ് ഇവർ ബൈക്കുകൾ നിർത്തി സംസാരിച്ചത്.
ഈ സമയത്തായിരുന്നു അപകടം. രക്ഷാപ്രവർത്തനം നടത്തിയ വിദ്യാർഥികളെ പോലീസും സ്കൂൾ അധികൃതരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അനുമോദിച്ചു.