പത്തനംതിട്ട: വിറ്റ വാഹനം മോഷ്ടിച്ചെടുത്തശേഷം മറിച്ച് വിറ്റകേസിലെ രണ്ടാം പ്രതി കോഴിക്കോട് ചെറുവള്ളൂർ അയ്യൻകട്ടിപറമ്പ് ട്രിനിറ്റി ഹൗസിൽ അക്ഷയ് സി. ഗ്ളൻ(അപ്പു -26) നെ മലയാലപ്പുഴ പോലീസ് അറസ്റ്റുചെയ്തു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഒന്നാംപ്രതി കോഴിക്കോട് കോഴമ്പറത്ത് എരഞ്ഞിക്കൽ അഭിനന്ദി(21) നെ ഏപ്രിൽ 24 ന് പോലീസ് അറസ്റ്റ്ചെയ്തിരുന്നു. അഭിനന്ദിന്റെ ഇന്നോവ കാർ ജനുവരിയിൽ 8.5ലക്ഷം രൂപയ്ക്ക് പന്തളം പൂഴിക്കാട് ചരുവിൽ റെനു ചാക്കോയ്ക്ക് വിറ്റിരുന്നു. ബാക്കി ഒന്നര ലക്ഷം രൂപ കൂടി നൽകാനുണ്ടായിരുന്നു.
ആർസി ബുക്ക് അഭിനന്ദിന്റെ കൈവശവുമായിരുന്നു. പറഞ്ഞ സമയത്ത് ബാക്കി തുക നൽകാൻ റെനുവിന് കഴിഞ്ഞില്ല. ഇതിനിടെ ആർസി ബുക്ക് പണയപ്പെടുത്തി 2.5 ലക്ഷം രൂപാ വായ്പയെടുത്തു. കാർ വീണ്ടും പ്രതിയുടെ പേരിലേക്ക് മാറ്റി. ഇതിന് ശേഷം 8.5 ലക്ഷം രൂപയ് മറ്റൊരാൾക്ക് വില്ക്കുകയും ചെയ്തു.
കഴിഞ്ഞ 11 ന് മണ്ണാറക്കുളഞ്ഞിയിലെ ഒരു ഷോറൂമിൽ കിടന്ന കാർ അവിടെ നിന്നും മോഷ്ടിച്ചാണ് ഇരുവരും ചേർന്നാണ് കോഴിക്കോടിന് കൊണ്ടുപോയത്. പ്രതികൾക്ക് കോഴിക്കോട് നടക്കാവിൽ ക്വട്ടേഷൻ ടീമുകളുമായി ബന്ധമുള്ളതായും പോലീസ് കണ്ടെത്തിയിരുന്നു. എസ്ഐ ടി.ആർ. പ്രജീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ കോഴിക്കോട് നിന്നും അറസ്റ്റു ചെയ്തത്.