വൈക്കം: കീരിയെ പിടിച്ച് കറിവെക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. വൈക്കം ഉദയനാപുരം മൂലയിൽ നവീൻ ജോയി(48) ആണ് വനംവകുപ്പിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം വൈകുന്നേരം ആറോടെയായിരുന്നു സംഭവം. നവീൻ കീരിയെ പിടിച്ച് കറിവെക്കാൻ ശ്രമിക്കുന്നതായി വനംവകുപ്പിന് രഹസ്യവിവരം ലഭിച്ചു.
തുടർന്ന് എരുമേലി ഫോറസ്റ്റ് ഡിവിഷനിൽ നിന്നും പ്രത്യേക സംഘം നവീന്റെ വീട്ടിലെത്തി പരിശോധന നടത്തി. പരിശോധനയിൽ ഇയാൾ കീരിയെ കറിവെക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എസ്.ജയപ്രകാശ് പറഞ്ഞു.
കീരിയുടെ സാന്പിളുകൾ വിദഗ്ധപരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.
വന്യജീവിസംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്ത നവീനെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിപിൻ കെ.ചന്ദ്രൻ, ജോസഫ്, ഫോറസ്റ്റ് വാച്ചർ വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.