ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎന്‍യു) യിൽ ഞായറാഴ്ച നടന്ന അക്രമങ്ങൾ ആസൂത്രിതം. പുറത്തുവന്ന വാട്സ്ആപ്പ് സന്ദേശങ്ങളാണ് സംഘർഷം ആസൂത്രിതമായി നടപ്പിലാക്കിയതാണെന്ന് തോന്നിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണം ആരിൽനിന്നുമുണ്ടായിട്ടില്ല.
രണ്ടു വാട്സ്ആപ്പ് ഗ്രൂപ്പുകളിലാണ് അക്രമം നടത്തുന്നതു സംബന്ധിച്ച് ചർച്ചകൾ നടന്നത്. യൂണിറ്റി എഗൈൻസ്റ്റ് ലെഫ്റ്റ്, ഫ്രണ്ട്സ് ഓഫ് ആർഎസ്എസ് എന്നിവയായിരുന്നു ഈ വാട്സ്ആപ്പ് ഗ്രൂപ്പുകൾ. ഈ രണ്ടു ഗ്രൂപ്പുകളിലും ജെഎന്‍യുവിൽ അക്രമങ്ങൾ അഴിച്ചുവിടാനുള്ള തയാറെടുപ്പുകൾ നടന്നതായി വ്യക്തമാണ്. അക്രമികൾക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികൾവരെ ഗ്രൂപ്പിൽ വിവരിക്കുന്നു. ജെഎന്‍യു പ്രധാന ഗേറ്റിൽ സംഘർഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു.
ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് ജെഎന്‍യുവിൽ ആക്രമണം ആരംഭിച്ചത്. വടികളും മാരകായുധങ്ങളുമായി അക്രമികൾ വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ചു. കാന്പസിലെ ഹോസ്റ്റലുകളിലും ഗുണ്ടകൾ ആക്രമണം നടത്തി. എന്നിട്ടും ചെറുവിരൽ അനക്കാൻ ഡൽഹി പോലീസ് തയാറായില്ല. മൂന്നു മണിക്കൂറോളം അക്രമികൾ ജെഎന്‍യു കാന്പസിൽ അഴിഞ്ഞാടി.
പരിക്കേറ്റവരെ കൊണ്ടുപോകുന്നതിനായി എത്തിയ ആംബുലൻസുകൾ അക്രമികൾ അടിച്ചുതകർത്തു. ഡോക്ടർമാരെയും നഴ്സുമാരെയും ഭീഷണിപ്പെടുത്തി. സബർമതി ഹോസ്റ്റലിനുള്ളിലും കാവേരി ഹോസ്റ്റലിനുള്ളിലും മുഖംമൂടി ധരിച്ച അക്രമി സംഘം കടന്നുകയറി ആക്രമണം നടത്തി. ഹോസ്റ്റൽ അടിച്ചുതകർത്തു. സ്ത്രീകളടക്കമുള്ള സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. ചിലർക്ക് നേരെ ആസിഡ് ആക്രമണമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. മാരകായുധങ്ങളുമായി എത്തിയത് എബിവിപി പ്രവർത്തകരും പുറത്തുനിന്നുള്ളവരുമാണെന്നാണ് ആരോപണം.
അധ്യാപക സംഘടനയുടെ പരിപാടിക്കിടെയായിരുന്നു അന്‍പതോളം വരുന്ന മുഖം മറച്ച സംഘം വടികളുമായെത്തി അക്രമണമുണ്ടായത്. യൂണിയൻ നേതാക്കളെ അക്രമിച്ച ശേഷം കാന്പസിലെ സബർമതി ഹോസ്റ്റലും വഴിയിൽ പാർക്കു ചെയ്തിരുന്ന കാറുകളും അക്രമികൾ അടിച്ചുതകർത്തു. ഹോസ്റ്റൽ ഫീസ് വർധന, രജിസ്ട്രേഷൻ ബഹിഷ്കരണം എന്നിവയെ ചൊല്ലി തുടരുന്ന സംഘർഷത്തിനിടെയാണു കാന്പസിനുള്ളിൽ അക്രമം ഉണ്ടായത്.
എബിവിപിയുടെ ഗുണ്ടാ അക്രമത്തിൽ വിദ്യാർഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയ്ക്കു പരിക്കേറ്റ എസ്എഫ്ഐ വനിതാ നേതാവായ ഐഷിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂണിയൻ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഡാനിഷിനും സുചിത്ര സെൻ ഉൾപ്പെടെ ഏതാനും അധ്യാപകർക്കും അക്രമണത്തിൽ പരിക്കുണ്ട്.
മുഖംമൂടി ധരിച്ചെത്തിയ ബിജെപി, എബിവിപി പ്രവർത്തകരാണു തന്നെ അക്രമിച്ചതെന്ന് ആശുപത്രിയിലേക്കു പോകുംവഴി ഐഷി ഘോഷ് പറഞ്ഞു. തലയ്ക്കടിയേറ്റ ഐഷിയെ ചോരയിൽ കുളിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. മുഖം മറച്ചു വടികളുമായെത്തി അക്രമിക്കുന്നവരുടെ ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ചില വിദ്യാർഥികൾ മൊബൈലിൽ പകർത്തിയിട്ടുണ്ട്. ഐഷി ഘോഷിനെയും മറ്റും മർദിക്കുന്നതു തടയാൻ ശ്രമിച്ചതിനാണ് അധ്യാപകർക്കെതിരേയും അക്രമികൾ മർദനം അഴിച്ചുവിട്ടത്.
ആക്രമണവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തെന്നാണു റിപ്പോർട്ട്. എന്നാൽ പോലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല. അക്രമത്തെത്തുടർന്ന് ഡൽഹി പോലീസ് പുലർച്ചെ കാന്പസിൽ ഫ്ളാഗ് മാർച്ച് നടത്തി. ഫ്ളാഗ് മാർച്ചിനെതിരെ വിദ്യാർഥികൾ രംഗത്തെത്തി. പോലീസ് പുറത്തുപോകണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. അക്രമികളെ അറസ്റ്റ് ചെയ്യുകയാണ് ആദ്യം വേണ്ടതെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.