ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന ആക്രമത്തിൽ പങ്കാളിയെന്ന് ആരോപിക്കപ്പെടുന്ന യുവതിയെ തിരിച്ചറിഞ്ഞതായി പോലീസ്. യുവതി ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥിനിയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും പേര് ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിന്റെ വീഡിയോകളിൽ നിന്നും ഫോട്ടോകളിൽ നിന്നും കുറച്ച് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്.
യുവതിയെ ചോദ്യം ചെയ്തുകഴിഞ്ഞാൽ കൂടെയുണ്ടായിരുന്ന രണ്ടുപേരെയും തിരിച്ചറിയാൻ സാധിക്കുമെന്നും പൊലീസ് പറഞ്ഞു.സംഭവത്തെ കുറിച്ച് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നത് ഇങ്ങനെ: അക്രമ സംഭവങ്ങളുടെ ഒരു വീഡിയോയിൽ നിന്ന് ഞങ്ങൾ ആ യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. നോർത്ത് കാന്പസ് ഭാഗത്താണ് അവർ താമസിക്കുന്നത്. പകൽ ഞങ്ങൾ അവരെ സമീപിച്ചു, പക്ഷേ അവർ വീട്ടിലില്ലായിരുന്നു. അവളുടെ ഫോണ് സ്വിച്ച് ഓഫ് ആണ്.
ഞങ്ങൾ അവൾക്ക് ഒരു ലീഗൽ നോട്ടീസ് അയയ്ക്കുകയും ചോദ്യം ചെയ്യലിനായി വരാൻ ആവശ്യപ്പെടുകയും ചെയ്യും.’’അതേസമയം ഇന്ത്യാ ടുഡേ സംഘം നടത്തിയ ഒളികാമറ ഒാപ്പറേഷനിൽ ഡൽഹി യൂണിവേഴ്സിറ്റിയിലെ കോമൾ ശർമയാണ് ആക്രമണത്തിൽ പങ്കെടുത്ത യുവതിയെന്ന് കാര്യം പുറത്തുവന്നിരുന്നു. ഇന്ത്യാ ടുഡേ ടിവി പുറത്തുവിട്ട ഒളികാമറ ദൃശ്യങ്ങളിലാണ് എബിവിപി പ്രവർത്തകയും ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിനിയുമായ കോമൾ ശർമയുടെ ആക്രമണത്തിലെ പങ്ക് വെളിപ്പെടുത്തി എബിവിപി നേതാക്കൾ തന്നെ രംഗത്തെത്തിയത്.
ജെഎൻയു ആക്രമണസമയം കോമൾ ശർമ മുഖം മറച്ച് കള്ളി ഷർട്ടാണ് ധരിച്ചിരുന്നത്. കൈയിൽ വടിയും മറ്റുമേന്തി മറ്റ് ആക്രമണകാരികൾക്കൊപ്പവും കോമൾ നിൽക്കുന്നുണ്ടായിരുന്നു. തന്റെ ഫേസ്ബുക്കിലും താനൊരു എബിവിപി പ്രവർത്തകയാണെന്നു വ്യക്തമാക്കിയ കോമൾ ശർമ, പക്ഷേ സംഭവം പുറത്തായതോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. എന്നാൽ, സാറ വസിഷ്ഠ് എന്ന പേരിൽ കോമൾ ഫേസ്ബുക്കും ട്വിറ്ററും ഉപയോഗിക്കുന്നതായും ഇന്ത്യാ ടുഡേ സംഘം കണ്ടെത്തിയിട്ടുണ്ട്. കോമളിന്റെ കോളജിലെ സഹപാഠിയെ ബന്ധപ്പെട്ടാണ് സംഘം ഇത് സ്ഥിരീകരിച്ചിട്ടുള്ളത്.
ഇക്കഴിഞ്ഞ ജനുവരി അഞ്ചിനാണ് ഒരുസംഘം എബിവിപി പ്രവർത്തകരും പുറത്തുനിന്നെത്തിയവരും ആയുധങ്ങളുമായെത്തി ജെഎൻയു വിദ്യാർഥികൾക്കെതിരേ ആക്രമണം അഴിച്ചുവിട്ടത്. ഇതിൽ മുഖംമറച്ച് നിൽക്കുന്ന യുവതിയുടെ ചിത്രം ഏറെ പ്രചരിച്ചിരുന്നു. ഈ ചിത്രത്തിലുള്ളത് കോമൾ ശർമയാണെന്ന് അന്നുതന്നെ ചിലർ വ്യക്തമാക്കിയിരുന്നെങ്കിലും സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇൻസ്റ്റഗ്രാമിലൂടെയാണ് മുതിർന്ന നേതാക്കൾ കോമൾ ശർമയുടെ പ്രവൃത്തികളെ സ്ഥിരീകരിച്ചത്. ഒരു ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ തന്റെ പേര് വെളിപ്പെടുത്തരുതെന്ന് കോമൾ ശർമ നേതാക്കളോട് അപേക്ഷിക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.