തിരുവനന്തപുരം: രാജ്യത്തെ ബാധിച്ചിരിക്കുന്ന ഫാസിസത്തിന്റെ തീവ്രത വിളിച്ചറിയിക്കുന്നതാണ് ജെഎന്‍യുവിലെ മാരകമായ ആക്രമണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെയും കുറ്റകരമായ മൗനം അക്രമങ്ങൾക്ക് വളംവച്ചു കൊടുക്കുകയാണെന്നും വിയോജിക്കുന്നവരെ അക്രമത്തിലൂടെ അടിച്ചമർത്താനാവില്ലെന്നു ബിജെപി മനസിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
നിയമ വ്യവസ്ഥയെ നോക്കുകുത്തിയാക്കി അമിത് ഷായുടെ അനുഗ്രഹത്തോടെയുള്ള എബിവിപി- ആർഎസ്എസ് ക്രിമിനൽ മാഫിയയുടെ കടന്നാക്രമണം രാജ്യത്തിന് അപമാനമാണെന്നു കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ കുറ്റപ്പെടുത്തി. ഈ അരാജക അവസ്ഥയ്ക്ക് ഡൽഹി പോലീസിനെ നേരിട്ട് നിയന്ത്രിക്കുന്ന അമിത് ഷാ തന്നെയാണ് ഉത്തരവാദി.
പാർലമെന്റിലെ ഭൂരിപക്ഷം ജനങ്ങൾക്ക് മേൽ കുതിര കയറാനുള്ള ലൈസൻസാണെന്നു കരുതി വിയോജിക്കുന്നവരെ അടിച്ചമർത്താമെന്ന മോഡി-അമിത് ഷാ ഇരട്ടകളുടെ വ്യാമോഹത്തിന് കനത്ത തിരിച്ചടിയാണ് അവരെ കാത്തിരിക്കുന്നതെന്നും സുധീരൻ വ്യക്തമാക്കി.
നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനും ജവഹർലാൽ നെഹ്റു സർവകലാശാലയിൽ മുഖംമൂടി സംഘം നടത്തിയ ആക്രമണത്തെ അപലപിച്ചിരുന്നു. വിദ്യാർഥികൾക്കു നേരെയുണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്നും നാസി മാതൃകയിൽ ആക്രമിച്ചവർ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാൻ ഇറങ്ങിയവരാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.