രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലൊന്നായ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ പ്രവേശന പരീക്ഷയില്‍ വിജയവുമായി സെക്യൂരിറ്റി ജീവനക്കാരന്. രാജസ്ഥാനിലെ കരൗളി സ്വദേശിയായ രാംജല്‍ മീണയാണ് വ്യത്യസ്തമായ നേട്ടത്തിന് ഉടമയായത്. പരീക്ഷാ വിജയത്തോടെ റഷ്യന്‍ ഭാഷാ പഠനത്തിനാണ് ഈ 33കാരന് യോഗ്യത നേടിയത്.സാമ്പത്തിക പരാധീനതകള്‍ കാരണം ഒരിക്കല്‍ പഠനം ഉപേക്ഷിച്ച മീണയുടെ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കുന്നതാണ് പുതിയ നേട്ടം. പന്ത്രണ്ടാം ക്ലാസുവരെ സര്‍ക്കാര്‍ സ്കൂളിലാണ് മീണ പഠിച്ചത്.
ക്ലാസില്‍ ഒന്നാമനും മീണ തന്നെയായിരുന്നു. 2000ത്തില്‍ രാജസ്ഥാര്‍ സര്‍വകലാശാലയില്‍ ബിഎസ്സിക്ക് പ്രവേശനം നേടിയെങ്കിലും കൂലിപ്പണിക്കാരനായ പിതാവിനെ സഹായിക്കേണ്ടതായി വന്നപ്പോള്‍ തൊട്ടടുത്ത വര്‍ഷം പഠനം നിര്‍ത്തേണ്ടിവന്നു. കോളജ് പഠനം ഉപേക്ഷിച്ചെങ്കിലും വിദൂര വിദ്യാഭ്യാസത്തിലൂടെ ഹ്യുമാനിറ്റീസ് വിഷയത്തില്‍ ബിരുദവും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. ഇതിനിടെ വിവാഹം കഴിക്കുകയുംകൂടി ചെയ്തതോടെ ഉത്തരവാദിത്തമേറി. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്നതാണ് ഇന്ന് മീണയുടെ കുടുംബം.
2014 നവംബറിലാണ് മീണ ജെ.എന്‍.യുവില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യാനാരംഭിച്ചത്. സര്‍വകലാശാലയിലെ ജോലിയില്‍ പ്രവേശിച്ചതോടെ പഠനം തുടരാനുള്ള ആഗ്രഹം വീണ്ടുമുണ്ടായി. ജോലിക്കിടയിലെ ഒഴിവുസമയത്തും വീട്ടിലുമായി പ്രവേശന പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകളായിരുന്നു പിന്നീട്. തിരക്കുകള്‍ക്കിടയിലും ദിവസം ആറു മണിക്കൂറോളം പഠനത്തിനായി മാറ്റിവെച്ചെന്ന് മീണ പറയുന്നു.
കുട്ടിക്കാലം മുതല്ക്കുതന്നെ റഷ്യ സന്ദര്‍ശിക്കണമെന്ന ആഗ്രഹമാണ് റഷ്യന്‍ ഭാഷ പഠിക്കണമെന്ന തീരുമാനത്തിനു പിന്നിലെന്ന് മീണ വ്യക്തമാക്കുന്നു. റെഗുലര്‍ കോഴ്സായതിനാല്‍ തന്റെ ജോലിയെ പഠനം ഏതുതരത്തില്‍ ബാധിക്കുമെന്ന ആശങ്കയുണ്ടെന്നും ഈ യുവാവ് പറയുന്നു. അതേസമയം മീണയുടെ ആഗ്രഹത്തിന് പിന്തുണയുമായെത്തിയവരുടെ കൂട്ടത്തില്‍ ജെഎന്‍യു സെക്യൂരിറ്റി ചീഫും ഉണ്ടെന്നത് അദ്ദേഹത്തിന് കൂടുതല്‍ ആത്മവിശ്വാസം പകരുന്നു. ഈ വാര്‍ത്ത പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയിലും മീണ താരമായിക്കഴിഞ്ഞു.