ന്യൂഡൽഹി: വിദ്യാർഥികൾ രാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറി ഭാര്യയെ മണിക്കൂറുകളോളം ബന്ധിയാക്കിയെന്നാരോപിച്ച് ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ എം. ജഗദീഷ് കുമാർ രംഗത്ത്.
പ്രവേശനപ്പരീക്ഷയുടെ ഓൺലൈൻ സംവിധാനത്തിനെതിരെ സമരം നടത്തുന്ന വിദ്യാർഥികളുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇടത് വിദ്യാർഥി നേതാക്കൾ വിസിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയത്. കഴിഞ്ഞ ആഴ്ചയും വിദ്യാർഥി നേതാക്കൾ വിസിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അദ്ദേഹം സമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ തയാറായില്ല.
തിങ്കളാഴ്ച വൈകുന്നേരം വിദ്യാർഥികൾ കുമാറിന്റെ വീട്ടിൽ എത്തുകയും ഭാര്യയെ തടഞ്ഞുവയ്ക്കുകയുമായിരുന്നു. ഈ സമയം കുമാർ വീട്ടിലുണ്ടായിരുന്നില്ല. പോലീസ് എത്തിയാണ് ഭാര്യയെ മോചിപ്പിച്ചതെന്ന് ഇദ്ദേഹം പറയുന്നു. വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് തലചുറ്റലുണ്ടായ ജഗദീഷ് കുമാറിന്റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നൂറോളം വിദ്യാർഥികളാണ് വീട്ടിൽ അതിക്രമിച്ചു കയറിയതെന്നും അദ്ദേഹം പറയുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടില്ലെന്നും വിസി അറിയിച്ചു. എന്നാൽ വിസിയെ കാണാനെത്തിയ വിദ്യാർഥികളെ സുരക്ഷാ ജീവനക്കാർ മർദിക്കുകയായിരുന്നെന്നാണ് ഇടത് വിദ്യാർഥി സംഘടനകൾ പറയുന്നത്.
സർവകലാശാലയ്ക്കുള്ളിലെ വിസിയുടെ വസതിയിൽ അദ്ദേഹത്തെ കാണാനെത്തിയ വിദ്യാർഥികളെ സുരക്ഷാ ജീവനക്കാർ മർദിച്ചു. ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് എൻ. സായി ബാലാജി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായും സംഘടനാ ഭാരവാഹികൾ പറയുന്നു.