ഇടതു ബുദ്ധിജീവികളുടെ കോട്ടയെന്നറിയപ്പെടുന്ന ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. ജിഷ്ണു വിഷയത്തില്‍ സര്‍ക്കാരിന്റെ വിരുദ്ധ നിലപാടിനെതിരേയാണ് സിപിഐയുടെ വിദ്യാര്‍ഥി സംഘടന കോലം കത്തിച്ചത്. വ്യാഴാഴ്ച്ച രാത്രി ക്യാംപസിലെ സബര്‍മതി ഡാബയ്ക്ക് അടുത്തായിരുന്നു പ്രതിഷേധത്തിന്റെ വേദി. പ്രതിഷേധ പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോലീസിനെതിരെയും മുദ്രാവാക്യങ്ങളും മുഴങ്ങി.
എഐഎസ്എഫ് ജെഎന്‍യു ജോയിന്റ് സെക്രട്ടറി ജയന്ത് ജിഗ്യാസ്, പ്രദീപ് നര്‍വ, ഭഗത്സിങ് അംബേദ്കര്‍ സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് പ്രതിനിധി അമീര്‍ എന്നിവരാണ് പ്രതിഷേധത്തിനു നേതൃത്വം നല്‍കിയത്. അതിക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എഐഎസ്എഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജയന്ത് പറഞ്ഞു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആഭ്യന്തരവകുപ്പില്‍ വലിയ വീഴ്ചകളാണ് സംഭവിച്ചത്. മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജ്, അജിത എന്നിവരുടെ കൊലപാതകവും, ജിഷ വധക്കേസ്, കൊടിഞ്ഞി ഫൈസല്‍ വധക്കേസ്, കാസര്‍കോട്ടെ മദ്രസാ അധ്യാപകന്റെ കൊലപാതകം, കമല്‍ സി ചവറ, നദി എന്നിവര്‍ക്കെതിരായ പൊലീസ് നടപടികളും ചൂണ്ടിക്കാണിച്ച് കടുത്ത വിമര്‍ശനമാണ് ജെഎന്‍യുവിലെ എഐഎസ്എഫ് യൂണിറ്റ് ഉയര്‍ത്തുന്നത്. ജെഎന്‍യുവില്‍ നടന്ന പ്രതിഷേധ പ്രകടനം സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.