വാഷിംഗ്ടൺ ഡിസി: ലോകത്തെ മുഴുവന്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മൂന്നു ദിവസങ്ങൾ, മാറിമറിയുന്ന ലീഡ്നില, ക്രമക്കേട് ആരോപണങ്ങൾ, വോട്ടെണ്ണിതീരുന്നതിനു മുമ്പേയുള്ള വിജയപ്രഖ്യാപനം;
അങ്ങേയറ്റം വീറും വാശിയും നാടകീയ സംഭവങ്ങളും നിറഞ്ഞ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോസഫ് റോബിനെറ്റ് ബൈഡന് ജൂണിയര്‍ എന്ന ജോ ബൈഡന് വിജയത്തിലേക്ക്.
ഒപ്പം ഇന്ത്യൻ വംശജ കമലാ ഹാരീസ് യുഎസിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ് പദവിക്കും തൊട്ടരികിൽ.
50 സംസ്ഥാനങ്ങളിലെയും തലസ്ഥാനമായ വാഷിംഗ്ടൺ ഡിസി ഉൾപ്പെടുന്ന ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെയും പ്രതിനിധികൾ ഉൾപ്പെടുന്ന 538 അംഗ ഇലക്ടറൽ കോളജിൽ ഭൂരിപക്ഷത്തിനു വേണ്ടത് 270 വോട്ടാണ്.
ബൈഡൻ 264ഉം ട്രംപ് 214ഉം വോട്ടുകൾ ഉറപ്പിച്ചിട്ടുണ്ട്. നെവാഡ (ആറ് ഇലക്ടറൽ വോട്ടുകൾ), പെൻസിൽവേനിയ (20), നോർത്ത് കരോളൈന (15), ജോർജിയ (16), അലാസ്ക (മൂന്ന്) എന്നീ സംസ്ഥാനങ്ങളിലെ ഫലമാണ് ഇനി അറിയാനുള്ളത്.
നെവാഡയിലും ജോർജിയയിലും മുന്നിലെത്തിയ ബൈഡൻ ഏതാണ്ടു വിജയമുറപ്പിച്ചമട്ടാണ്. പെൻസിൽവേനിയയിലും ബൈഡൻ ലീഡ് നേടിയതായി റിപ്പോർട്ടുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് പ്രസിഡന്റ് ട്രംപ് രംഗത്തുവന്നതും സുപ്രീംകോടതിയിൽ പോകുമെന്നു പ്രഖ്യാപിച്ചതും അധികാര കൈമാറ്റം സുഗമമാകില്ലെന്ന സൂചന നല്കുന്നു.
ഇരു നേതാക്കളുടെയും അനുയായികൾ തെരുവിലിറങ്ങുന്നത് വലിയ അക്രമത്തിനും സംഘർഷത്തിനും കാരണമാകുമോയെന്ന ആശങ്കയും ഉയർത്തുന്നു.
പ്രസിഡന്റ് ട്രംപ് തെരഞ്ഞെടുപ്പു വിധി അംഗീകരിക്കുമോ അതോ വൈറ്റ്ഹൗസിൽ തുടരാൻ നിയമയുദ്ധത്തിനൊരുങ്ങുമോ എന്നതാണ് ഇനിയുള്ള ചോദ്യം.
ആദ്യത്തേതിനാണു സാധ്യതയെങ്കില്‍ അദ്ദേഹം ജനുവരി 19 വരെ അധികാരത്തില്‍ തുടരുകയും പിറ്റേന്ന് ബൈഡന് അധികാരം കൈമാറുകയും ചെയ്യും. മറിച്ച്, ക്രമക്കേട് ആരോപിച്ച് അദ്ദേഹം സുപ്രീംകോടതിയില്‍ പോയാല്‍ വലിയൊരു നിയമയുദ്ധത്തിനു തുടക്കമാകാം.
തപാല്‍വോട്ടുകളുടെ ആധിക്യം മൂലമാണ് ഫലപ്രഖ്യാപനം വൈകിയത്. വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ബൈഡന് മുന്നിലായിരുന്നു. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ വിജയസാധ്യത നിലനിര്‍ത്തിയ ട്രംപും ജയസാധ്യതയില്‍ ഒട്ടും പിന്നിലല്ലായിരുന്നു.
ഇതോടെ ആരു ജയിക്കുമെന്ന അനിശ്ചിതത്വം വര്‍ധിപ്പിച്ചു. വോട്ടെണ്ണലിന്റെ അന്ത്യഘട്ടത്തില്പ്പോലും ട്രംപിനു ജയസാധ്യത നിലനിന്നിരുന്നു.
77 വയസുള്ള ബൈഡന് യുഎസിൽ പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ഏറ്റവും പ്രായമുള്ള വ്യക്തിയാണ്.
2008 മുതല്‍ 2016 വരെ ബറാക് ഒബാമയുടെ കീഴില്‍ വൈസ് പ്രസിഡന്റായിരുന്നു. ദീര്‍ഘകാലം സെനറ്ററായും സേവനമനുഷ്ഠിച്ചു. ജില് ട്രേസി ജേക്കബ്സ് ആണു ഭാര്യ. ബ്യൂ, റോബര്‍ട്ട് ഹണ്ടര്‍, നവോമി ക്രിസ്റ്റീന, ആഷ്ലി ബ്ലേസര്‍ എന്നിവര്‍ മക്കള്‍.
ആഫ്രിക്കന്‍, ഏഷ്യന്‍, ഇന്ത്യന്‍ വംശജരില്‍നിന്ന് വൈസ് പ്രസിഡന്റ് പദവിയില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്ത ആദ്യ വ്യക്തിയെന്ന ബഹുമതി കമല ഹാരിസിനു സ്വന്തമാകും.
തമിഴ്നാട്ടില്‍നിന്നു കുടിയേറിയ ശ്യാമളയാണു കമലയുടെ അമ്മ. അച്ഛന് ജമൈക്കയില്‍നിന്നു കുടിയേറിയ ഹാരിസും. ജൂതവംശജനായ ഡഗ്ലസ് എംഹോഫ് ആണു കമലയുടെ ഭര്‍ത്താവ്. ഇവര്‍ക്കു കുട്ടികളില്ല.