കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കവാടത്തിലുണ്ടായ ഇരട്ട ചാവേർ സ്ഫോടനത്തിലും വെടിവയ്പിലും കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം 13 ആയി. 15 അമേരിക്കൻ സൈനികർ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പരിക്കേറ്റു.
അതേസമയം, അക്രമികൾ കനത്ത വില നൽകേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. “ഞങ്ങൾ ക്ഷമിക്കില്ല. ഞങ്ങൾ മറക്കില്ല. ഞങ്ങൾ നിങ്ങളെ വേട്ടയാടുകയും കനത്ത വില നൽകേണ്ടി വരുകയും ചെയ്യും- ബൈഡൻ പറഞ്ഞു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാദൗത്യം നിർത്തിവയ്ക്കില്ലെന്നും ബൈഡൻ അറിയിച്ചു.
ഇരട്ട സ്ഫോടനം
ഇരട്ട ചാവേർ സ്ഫോടനത്തിലും വെടിവയ്പിലും ആകെ 60 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.
താലിബാൻ നിയന്ത്രണം ഏറ്റെടുത്ത അഫ്ഗാനിസ്ഥാനിൽനിന്നു പലായനം ചെയ്യാൻ ആയിരങ്ങൾ തടിച്ചുകൂടിയിരിക്കുന്ന ആബി കവാടത്തിലായിരുന്നു ആദ്യ സ്ഫോടനം. തൊട്ടടുത്തുള്ള ബാരൺ ഹോട്ടലിനു സമീപം രണ്ടാമത്തെ സ്ഫോടനമുണ്ടായി.
മുന്നറിയിപ്പ്
സംഭവത്തെ തുടർന്ന് കാബൂൾ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് വീണ്ടും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അമേരിക്ക.
താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനിൽ പുറംലോകത്തിനു ബന്ധപ്പെടാൻ കഴിയുന്ന ഏകയിടമാണു കാബൂൾ വിമാനത്താവളം. ഭീകരാക്രമണസാധ്യത ഉണ്ടെന്നും വിമാനത്താവളത്തിലേക്കു പോകരുതെന്നും ബ്രിട്ടീഷ് വിദേശകാര്യവകുപ്പും മുന്നറിയിപ്പു നല്കിയിരുന്നു.