കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നസീറാണ് സൂത്രധാരനെന്ന് അന്വേഷണ സംഘം.
കേസിൽ അറസ്റ്റിലായ നൗഫൽ എന്ന യൂത്ത് കോണ്ഗ്രസ് പ്രാദേശിക നേതാവാണ് വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചത്.
യുഡിഎഫ് നേതൃത്വം വീഡിയോ പ്രചരിപ്പിക്കാൻ ഇടപെട്ടതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നില്ല. പ്രാദേശിക യുഡിഎഫ് വാട്സാപ്പ് ഗ്രൂപ്പുകളിലും എഫ്ബി പേജിലും നൗഫൽ വീഡിയോ പ്രചരിപ്പിച്ചു.
പോളിംഗ് ദിനത്തിൽ കോയന്പത്തൂരിൽനിന്ന് അറസ്റ്റിലായ മലപ്പുറം കോട്ടക്കുന്ന് ഉതിന്നൂർ സ്വദേശി അബ്ദുൾ ലത്തീഫിന് വീഡിയോ നൽകിയത് നൗഫലാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു.
നൗഫലിന്റെ വാട്സ്ആപ്പ് ശബ്ദരേഖകൾ പരിശോധിക്കാനുള്ള തയാറെടുപ്പിലാണ് തൃക്കാക്കര പോലീസ്. നസീറിന് വീഡിയോ അയച്ചുകൊടുത്ത സൗദ്യ അറേബ്യയിലുള്ള വ്യക്തിയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കി.
പ്രതികളുടെ ഫോണിൽനിന്ന് വീഡിയോ നശിപ്പിച്ചതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്.
നസീർ, അബ്ദുൾ ലത്തീഫ്, നൗഫൽ എന്നീ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് പോലീസ് ഇന്ന് അപേക്ഷ നൽകും.
വീഡിയോ പ്രചരിപ്പിച്ചവർ അടക്കം എട്ട് പേരെയാണ് ഇതുവരെ പോലീസ് പിടികൂടിയത്.