തൃശൂർ:ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ മെഗാ ജോബ് ഫെയർ “പ്രതീക്ഷ-2018’ ഈ മാസം 21ന് തൃശൂർ സെന്റ് അലോഷ്യസ് കോളജിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലെ ആരോഗ്യ, വിദ്യാഭ്യാസ, വിവര-സാങ്കേതിക, സെയിൽസ് മാർക്കറ്റിംഗ്, ബാങ്കിംഗ്, ഓഫീസ് അഡ്മിനിസ്ട്രേഷൻ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളിലേക്കായി 2000 ഓളം ഒഴിവുകളിലേക്കാണ് മേളയിൽ ഇന്റർവ്യൂ നടത്തുക.
ഉദ്യോഗാർഥികൾ ഒറ്റപ്പേജ് ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവയുടെ കുറഞ്ഞത് നാലുവീതം കോപ്പികളുമെങ്കിലും കൈവശം കരുതി രാവിലെ 9.30 ന് റജിസ്ട്രേഷനായി സെന്റ് അലോഷ്യസ് കോളജ് കാന്പസിലെ ഓഡിറ്റോറിയത്തിൽ എത്തണം.
സൗജന്യമായാണ് രജിസ്ട്രേഷൻ. ജോബ് ഫെയറിന്റെ ഉദ്ഘാടനം രാവിലെ 9.30ന് മേയർ അജിത ജയരാജൻ നിർവഹിക്കും. എറണാകുളം മേഖല എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ജനറൽ ഡയറക്ടർ കെ.എൽ. ആഗൻസ് അധ്യക്ഷത വഹിക്കുമെന്നും സംഘാടകർ അറിയിച്ചു.
ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ പി.ജെ. ഷാജു, വൊക്കേഷണൽ ഗൈഡൻസ് എംപ്ലോയ്മെന്റ് ഓഫീസർ എ.എസ്. അലാവുദീൻ, എംബ്ലോയബിലിറ്റി സെന്റർ മേധാവി ഡോ. ടി.എൻ. ജഗദീഷ് കുമാർ, എംപ്ലോയബിലിറ്റി സെന്റർ ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് പി.ജി. ജിൽബി, സീനിയർ കൗണ്‍സിലർ പി.നിഖില എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.