കുറവിലങ്ങാട്: മൂവായിരത്തിലേറെ തൊഴിലവസരങ്ങളുമായി ദേവമാത കോളജിൽ നാളെ തൊഴിൽമേള. ദേവമാതാ കോളജ് കരിയർ ആൻഡ് പ്ലെയ്സ്മെന്റ് സെൽ, കോളജ് ഐക്യുഎസി, കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ നേതൃത്വത്തിലാണ് തൊഴിൽമേള ദിശ-2022 എന്ന പേരിൽ നടത്തുന്നത്.
നാളെ രാവിലെ ഒന്പതുമുതൽ കോളജ് ക്യാംപസിലാണു മേള. മുപ്പതിലേറെ കന്പനികളുടെ രണ്ടായിരത്തി എഴുനൂറിലേറെ ഒഴിവുകളാണു മേളയിലെത്തുന്ന ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്.
ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയുമായെത്തി ഏത് ജില്ലയിൽനിന്നുള്ളവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. മുൻകൂട്ടി രജിസ്ട്രേഷൻ നടത്തേണ്ടതില്ലെന്ന് സംഘാടകർ അറിയിച്ചു.
18 മുതൽ 40 വരെ പ്രായപരിധിയിലുള്ള എസ്എസ്എൽസി മുതൽ ബിരുദാനന്തര ബിരുദം വരെയുള്ളവർക്ക് അവസരമുണ്ട്. എറണാകുളത്തെ വിവിധ ഷോപ്പിംഗ് മാളുകൾ, കൊച്ചി ഇൻഫോപാർക്ക് ഇഎക്സ്എൽ സർവീസ്, ബെസ്റ്റ് സെല്ലേഴ്സ്, റിലയൻസ്, ഡെവണ്‍, വിവിധ കണ്‍സ്ട്രക്ഷൻ കന്പനികൾ, അമൃത ഇൻസ്റ്റിറ്റ്യൂട്ട്, കെഎഫ്സി, ഫ്ളിപ് കാർട്ട് എന്നിങ്ങനെയുള്ള സ്ഥാപനങ്ങളാണ് മേളയിൽ ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്.
മേളയുടെ ഉദ്ഘാടനം തോമസ് ചാഴികാടൻ എംപി നിർവഹിക്കും. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. കോളജ് മാനേജർ ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ അനുഗ്രഹപ്രഭാഷണവും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ജി. ജയശങ്കർ പ്രസാദ് മുഖ്യപ്രഭാഷണവും നടത്തും.
പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് പി.എം. മാത്യു എന്നിവർ പ്രസംഗിക്കും.