കൊച്ചി: അസര്‍ബൈജാനില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ നാലു പേര് അറസ്റ്റില്‍. തിരുവല്ല സ്വദേശി വിപിന്‍(38), അമ്പലപ്പുഴ സ്വദേശി മുഹമ്മദ് ഷാദുലി(23), തമിഴ്നാട് സ്വദേശികളായ തലൈശെല്വമണി(21), നന്ദു മാധവ്(23) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രേമാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
സ്പെഷല്‍ ബ്രാഞ്ചിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.രവിപുരത്ത് കോട്ടൂരാന് എന്ന പേരില്‍ വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തുകയായിരുന്നു സംഘം. പോലീസ് ഇവിടെ പരിശോധനയ്ക്ക് എത്തുമ്പോള്‍ അസര്‍ബൈജാനില്‍ ഹെല്‍പ്പര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവിനായി 30 ഓളം വിദ്യാര്‍ഥികള്‍ എത്തിയിരുന്നു.
വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ മറവില്‍ ഇവര്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങളാണ് തട്ടിയെടുത്തിരിക്കുന്നത്. കോന്നി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
നിരവധി ഉദ്യോഗാര്‍ഥികള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.