കൊടുമണ്: റിമാന്ഡിലായ എസ്എന്ഡിപി പ്രാദേശിക നേതാവിനെതിരേ ഉയരുന്നത് ഗുരുതര സാമ്പത്തിക ആരോപണങ്ങള്. സാമ്പത്തിക തട്ടിപ്പുകേസില് ഒളിവിലായിരുന്ന കൊടുമണ് അങ്ങാടിക്കല് തെക്ക് എസ്എന്ഡിപി യോഗം 171-ാം നമ്പര് ശാഖാ പ്രസിഡന്റ് രാഹുല് ചന്ദ്രനെ കന്യാകുമാരിയിലെ ഒരുലോഡ്ജില് നിന്നാണ് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ തിങ്കളാഴ്ച അടൂര് കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു. കൊടുമണ് സ്റ്റേഷനില് ആറു പരാതികളാണ് രാഹുല് ചന്ദ്രനെതിരേ ലഭിച്ചത്. ഉയര്ന്ന പലിശ വാഗ്ദാനം ചെയ്താണ് ഇയാള് ശാഖായോഗാംഗങ്ങളില് നിന്ന് പണം തട്ടിയത്.
171-ാം നമ്പര് ശാഖയ്ക്ക് കീഴിലുള്ള അങ്ങാടിക്കല് തെക്ക് എസ്എന്വിഎച്ച്എസ്എസില് ജോലി വാഗ്ദാനം ചെയ്തും ഇയാള് പണം കൈപ്പറ്റിയതായി പറയുന്നു.
ബിസിനസ് ആവശ്യത്തിനെന്നും പറഞ്ഞാണ് പലരില് നിന്നും പണം വാങ്ങിയിട്ടുള്ളത്. പലിശ എല്ലാ മാസവും തരുമെന്നും എപ്പോള് ആവശ്യപ്പട്ടാലും മുതല് മടക്കി നല്കാമെന്നും വിശ്വസിപ്പിച്ചാണ് കൈപ്പറ്റിയത്.
പണം ആവശ്യപ്പെട്ട് തിരികെ കിട്ടാതെ വന്നപ്പോള് ചിലര് പോലീസിലും മറ്റു ചിലര് ശാഖായോഗത്തിലും ഇതു സംബന്ധിച്ച് പരാതി നല്കി.
അങ്ങാടിക്കല് തെക്ക് ശാഖയോഗത്തിലെ ഒരു അംഗം 17 ലക്ഷം രൂപയാണ് നല്കിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില് കൊടുമണ് പഞ്ചായത്ത് ഏഴാം രാഹുല് സിപിഎം സ്ഥാനാര്ഥിയായി വാര്ഡില് മല്സരിച്ചിരുന്നു. പാര്ട്ടി പിന്തുണയും തട്ടിപ്പുകള്ക്ക് ഇയാള് ഉപയോഗപ്പെടുത്തിയിരുന്നു.
കൊടുമണ് പോലീസില് ലഭിച്ച പരാതിയില് കേസെടുക്കാന് വൈകിയതും ഇതു കാരണമാണെന്നു പറയുന്നു. സ്കൂളില് നിയമനവുമായി ബന്ധപ്പെട്ടും ഇയാള് പണം വാങ്ങിയതായി ആരോപണമുണ്ട്.
പരാതികള് ഉയര്ന്ന സാഹചര്യത്തില് ശാഖായോഗം പ്രസിഡന്റ് സ്ഥാനത്തു നിന്നു രാഹുലിനെ അന്വേഷണ വിധേയമായി മൂന്നു മാസത്തേക്ക് മാറ്റിനിര്ത്തിയതായി അടൂര് യൂണിയന് കണ്വീനര് മണ്ണടി മോഹനന് അറിയിച്ചു.
അടൂരിൽ നടത്തിവന്ന കാര്വി എന്ന ഷെയര് വില്പന സ്ഥാപനത്തിന്റെ പേരിലാണ് നാട്ടുകാരില് നിന്ന് വന് തുക കൈപ്പറ്റിയത്. പണം ഷെയര് മാര്ക്കറ്റില് നിക്ഷേപിച്ചിരിക്കുകയാണെന്നും അത് ലാഭ നഷ്ടത്തിന് വിധേയമാണെന്നുമാണ് രാഹുല് ആളുകളോട് പറഞ്ഞത്.
പണം ലഭ്യമാകുന്ന മുറയ്ക്ക് തിരികെ നല്കുമെന്നും തന്റെ സ്ഥാപനം മുഖേനയാണ് പണം വാങ്ങിയതെന്നും രാഹുല് പറഞ്ഞിരുന്നു.