കോട്ടയം: തൊണ്ണൂറ്റിയേഴാം വയസിലും വ്യാപാരത്തിൽ സജീവമാണ് പുകടിയിൽ പി.എ. ജേക്കബ് എന്ന വടവാതൂർക്കാരുടെ പ്രിയപ്പെട്ട അപ്പച്ചൻ.
കെകെ റോഡിൽ വടവാതൂർ കുരിശു ജംഗ്ഷനിൽ പുകടിയിൽ ഓട്ടോപാർട്സ് എന്ന കടയുടെ ഉടമയായ ദേവലോകം ഇന്ദിരാനഗറിൽ ജേക്കബ് കോട്ടയത്തെ ഏറ്റവും പ്രായം കൂടിയ വ്യാപാരിയാണ്.
1990ൽ ജേക്കബിന്റെ മകൻ സജനാണ് ഓട്ടോപാർട്സ് കട തുടങ്ങിയത്. തുടർന്ന് സജൻ ഗൾഫിൽ ജോലി തേടി പോയപ്പോഴാണ് ജേക്കബ് കടയുടെ സാരഥ്യം ഏറ്റെടുക്കുന്നത്.
മൂന്നാറിലെ എസ്റ്റേറ്റിൽ ടീ മേക്കറായി റിട്ടയർ ചെയ്തു നാട്ടിലെത്തിയ ജേക്കബ് പിന്നെ കടയുടമയായി മാറി.
ഗൾഫിൽനിന്നും മകൻ തിരിച്ചെത്തി കടയുടെ നടത്തിപ്പ് ഏറ്റെടുത്തെങ്കിലും 97-ാം വയസിലും ഇപ്പോഴും മുടങ്ങാതെ ജേക്കബ് കടയിൽ എത്തും.
രാവിലെ 9.30ന് കടയിലെത്തുന്ന ജേക്കബ് വൈകുന്നേരം കടയടച്ചാണ് വീട്ടിലേക്ക് മടങ്ങുന്നത്.
ടൂവീലർ, ത്രീവീലർ, ഫോർ വീലർ വാഹനങ്ങളുടെ ലൂബ്രിക്കന്റ്സ്, ടയർ ട്യൂബ്, ഫാൻബെൽറ്റ്, സീറ്റ് കവർ, നട്ടും ബോൾട്ടും തുടങ്ങിയവയാണ് പ്രധാന വിൽപന സാധനങ്ങൾ.
ജീവിത സായാഹ്നത്തിലെത്തിയെങ്കിലും കടയിലെ ഓരോ സാധനങ്ങളുടെ വിലയും അളവുമെല്ലാം ജേക്കബിനു കിറുകൃത്യമാണ്.
രാവിലെ 9.30ന് മകനൊപ്പം കടയിലെത്തും. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവുമായിട്ടാണ് എത്തുന്നത്. കടയിലെ ഇടവേളകളിൽ ബൈബിൾ വായനയ്ക്കും സംഗീതം ആസ്വദിക്കാനുമാണ് സമയം കണ്ടെത്തുന്നത്.
97-ാം വയസിലും പ്രായാധിക്യത്തിന്റെ ചെറിയ പ്രശ്നങ്ങളല്ലാതെ കാര്യമായ അസുഖങ്ങളൊന്നുമില്ല. രാവിലെയുള്ള വ്യായാമവും മിതമായ ഭക്ഷണവും കൃത്യസമയത്തുള്ള ഉറക്കവുമാണ് ജേക്കബിന്റെ ആരോഗ്യത്തിന്റെ രഹസ്യം.
വടവാതൂരിലെ സഹവ്യാപാരികൾക്കും കടയിലെത്തുന്നവർക്കും ജേക്കബ് അപ്പച്ചനാണ്. അപ്പച്ചൻ എന്നാണ് എല്ലാവരും വിളിക്കുന്നത്.
പതിവായി കടയിലെത്തുന്നവരോടും സഹ വ്യാപാരികളോടും ആത്മബന്ധവും പുലർത്തുന്നു. സാധിക്കുന്ന കാലത്തോളം കടയിലെത്തണമെന്നാണ് ജേക്കബിന്റെ ആഗ്രഹം.