ഡബ്ലിൻ: പ്രതിവർഷം ഒരുകോടി അഞ്ചുലക്ഷത്തിലധികം ശമ്പളം വാങ്ങുന്ന ഐറിഷ് റെയിലിന്റെ ഫിനാൻസ് മാനേജറാണ് ഡെർമെത് ആലിസ്റ്റർ മിൽസ്.
വളരെ വിചിത്രമായ കാരണമുന്നയിച്ച് മിൽസ് ഈ ഡിസംബർ ഒന്നിന് കോടതിയെ സമീപിച്ചു.
തന്റെ ജോലിസമയത്തിന്റെ ഭൂരിഭാഗവും പത്രവായനയും നടത്തവുമൊക്കെയായി തീരുകയാണ്, പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നതാണ് മിൽസിന്റെ പ്രശ്നം.
ഒമ്പത് വർഷങ്ങൾക്കു മുമ്പ് ഐറിഷ് റെയിലിനുള്ളിലെ ക്രമക്കേടുകൾ വെളിപ്പെടുത്തിയതുമൂലം സംരക്ഷിത വെളിപ്പെടുത്തൽ ചട്ടത്തിൻറെ കീഴിൽ തന്നെ ശിക്ഷിച്ചിരുന്നുവെന്നും ഇതുമൂലമാണ് തനിക്ക് ജോലിയൊന്നും നൽകാത്തതെന്നുമാണ് മിൽസ് പറയുന്നത്.
ഓഫീസിലെ യാതൊരു വിധത്തിലുള്ള ഉത്തരവാദിത്വങ്ങളും തന്നെ ഏൽപ്പിക്കുന്നില്ലെന്നും തനിക്ക് ജോലിസ്ഥലത്ത് വല്ലാതെ ഒറ്റപ്പെടൽ തോന്നുന്നുണ്ടെന്നും മിൽസിന്റെ പരാതിയിൽ പറയുന്നു.
എന്നാൽ വെളിപ്പെടുത്തലിനെക്കുറിച്ച് അറിയിക്കാതിരുന്നിട്ടും മിൽസിനെ ശിക്ഷിച്ചിട്ടില്ലെന്നാണ് കമ്പനി പറയുന്നത്.
2018-ൽ നടത്തിയ റിക്രൂട്ട്മെന്റിൽ ഉയർന്ന തസ്തികയിേലക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത ഇദ്ദേഹത്തിനില്ലാതിരുന്നു. അതുകൊണ്ടാണ് ജോലി കുറയുന്നതെന്നാണ് ഐറിഷ് റെയിലിന്റെ വാദം.
പത്തുമണിക്ക് ഒഫീസിൽ പോയാൽ ആ സമയം മുതൽ തന്റെ ക്യാബിനുള്ളിൽ കമ്പ്യൂട്ടർ തുറന്നുവെച്ച് പത്രങ്ങൾ വായിച്ചിരിപ്പാണെന്നാണ് മിൽസ് ഡെയിലി മിററിനോട് പറഞ്ഞത്.
ഔദ്യോഗിക മെയിലുകളൊന്നും വന്നിട്ടുണ്ടാവില്ല. ആരുമായും ഒരു ആശയവിനിമയവുമില്ല. ഒരു സാൻവിച്ചും കഴിച്ച് ഒരേ ഇരിപ്പാണെന്നാണ് മിൽസ് പറയുന്നത്.
ചുരുക്കമായി ഏതെങ്കിലും മെയിൽ വന്നാൽ അതിന് മറുപടി നൽകും. അതിൽ എന്തെങ്കിലും ജോലി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് ചെയ്യും.
പിന്നീട് ഉച്ചഭക്ഷണത്തിനുശേഷം ഒന്നുരണ്ടുമണിക്കൂർ വീണ്ടും നടത്തം. ഇതുകഴിഞ്ഞ് മൂന്ന് മണിയോടെ തിരികെ മടങ്ങും. ഇതാണ് സ്ഥിരം ചര്യ- മിൽസ് പറയുന്നു.