തിരുവല്ല: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ഒന്നരക്കോടി രൂപയോളം തട്ടിയ യുവാവിന്റെ വീടിന് മുമ്പില്‍ തട്ടിപ്പിനിരയായവരുടെയും കുടുംബാംഗങ്ങളുടെയും പ്രതിക്ഷേധം.
കടപ്ര സൈക്കിള്‍മുക്ക് മൂന്നാം കുരിശിന് സമീപം കിഴക്കേ തേവര്‍കുഴിയില്‍ വീട്ടില്‍ അജിന് ജോര്‍ജിന്റെ വീടിനു മുമ്പിലാണ് തട്ടിപ്പിനിരയായവരും കുടുംബാംഗങ്ങളും പ്രതിഷേധിച്ചത്.
ദുബായിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലുള്ള ഹോട്ടല്‍ മാനേജ്മെന്റ് ഉദ്യോഗാര്‍ഥികള്‍ അടക്കമുള്ളവരില്‍ അജിന് പണം തട്ടിയതായി പറയുന്നത്.
അറുപതോളം പേര് അജിന്റെ തട്ടിപ്പിന് ഇരകളായതാണ് പ്രാഥമിക നിഗമനം. ഇയാള്‍ക്കെതിരെ ആലപ്പുഴയിലെ നെടുമുടി, പെരുമ്പാവൂര്‍, പുളിക്കീഴ്, കോട്ടയം കിഴക്കുംഭാഗം, തൃശൂര്‍ പഴയന്നൂര്‍ അടക്കം വിവിധ പോലീസ് സ്റ്റേഷനുകളില്‍ വഞ്ചനാക്കുറ്റമടക്കം ചുമത്തിയ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.
50000 രൂപ മുതല്‍ ഒന്നര ലക്ഷം വരെ നഷ്ടമായവരാണ് തട്ടിപ്പില്‍ ഇരയായവരില്‍ ഏറെയും.വ്യാജ വീസ നല്കി കബളിപ്പിച്ചതായും തട്ടിപ്പിനരയായവരില് പലരും പറയുന്നു.
വിവിധ പോലീസ് സ്റ്റേഷനുകളിലായി പരാതി നല്കി മാസങ്ങള്‍ പിന്നിട്ടിട്ടും നടപടി ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ 11ഓടെ തട്ടിപ്പിനിരയാവരില്‍ ചിലരും ബന്ധുക്കളും അജിന്റെ വീട്ടിലെത്തിയതെന്ന് പറയുന്നു.
വിവരങ്ങള്‍ സംസാരിക്കുന്നതിനിടെ തട്ടിപ്പിനിരയായവരുടെ ബന്ധുക്കളില്‍ ചിലരെ കൈയേറ്റം ചെയ്യാന്‍ അജിന്റെ മാതാവ് ശ്രമിച്ചതായും പരാതിയുണ്ടായി.
ഇതോടെ രംഗം വഷളായി. സംഭവമറിഞ്ഞ് പുളിക്കീഴ് എസ്ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് തട്ടിപ്പിനിരയായവരുമായും കുടുംബാംഗങ്ങളുമായി എസ്ഐ ചര്‍ച്ച നടത്തി.
പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്മേല്‍ ശക്തമായ അന്വേഷണം നടത്തുമെന്നും നീതി ലഭ്യമാക്കുമെന്നും എസ്ഐ അനീഷ് ഉറപ്പു നല്‍കിയതോടെയാണ് തട്ടിപ്പിനിരയായവര്‍ പിരിഞ്ഞു പോയത്.