കോട്ടയം: യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച് കബളിപ്പിച്ച കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി പെരുവന്താനം പാലൂര്‍ക്കാവ് ചെറിയ കാവുങ്കല്‍ മനോജ് ( മണിക്കുട്ടന്- 39) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ പാലാ സ്വദേശിനിയായ യുവതിയെ കഴിഞ്ഞ ജനുവരിയില്‍ ഒമാനില്‍ ടീച്ചര്‍ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയി.
പറഞ്ഞ ജോലി നല്‍കാതെ മറ്റൊരു വീട്ടില്‍ നിര്‍ബന്ധിച്ച് വീട്ടുജോലിക്ക് അയച്ചു. അതിനുശേഷം തിരികെ നാട്ടിലേക്ക് പോരാന്‍ സമ്മതിക്കാതെ തടഞ്ഞുവയ്ക്കുകയായിരുന്നു.
യുവതിയുടെ അമ്മ നല്കിയ പരാതിയെത്തുടര്‍ന്ന് പാലാ പോലീസ് മനുഷ്യക്കടത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണസംഘം രൂപീകരിച്ചു. മറ്റൊരു പ്രതിയായ സിദ്ദിക്കിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
തുടര്‍ന്നു ഒന്നാം പ്രതിയായ മനോജ് ഒളിവില്‍ പോയെങ്കിലും ഇയാളെ എറണാകുളം മറൈന്‍ ഡ്രൈവ് ഭാഗത്തുനിന്നു പിടികൂടുകയായിരുന്നു.
പ്രതികള്‍ സോഷ്യല്‍ മീഡിയ വഴി സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ആളുകള്‍ക്ക് വിദേശത്ത് സൗജന്യമായി ജോലി സംഘടിപ്പിച്ച് കൊടുക്കാമെന്ന് പറഞ്ഞ് ഫോണ്‍ നമ്പര്‍ വാങ്ങി ജോബ് വിസയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിസിറ്റിംഗ് വിസയില്‍ ആളുകളെ വിദേശത്തേക്ക് കയറ്റിവിടുകയായിരുന്നു.
മനോജിന് പെരുവന്താനം, മുണ്ടക്കയം, കൊട്ടാരക്കര, മണ്ണന്തല, പത്തനംതിട്ട എന്നീ സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളുണ്ട്.