കൊച്ചി: നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസില്‍ പോലീസ് പിടിയിലായ പ്രതികള്‍ വാഹന കച്ചവടക്കാരെന്നും തട്ടിപ്പിലൂടെ നേടിയെടുത്ത പണം മുഴുവന്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങാന്‍ ചെലവാക്കിയതായി തിരിച്ചറിഞ്ഞതായും പോലീസ്.
ദുബായില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയില്‍ ജോലി നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ കലൂര്‍ ടേക്ക് ഓഫ് എന്ന പേരില്‍ ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തിവരുന്ന നെട്ടൂര്‍ സ്വദേശി ഫിറോസ് ഖാന് (42), ചേര്‍ത്തല കൊമ്പനമുറി സ്വദേശി അബ്ദുള്‍ സത്താര്‍ (50) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ ഇത്തരത്തില്‍ നേരത്തേയും തട്ടിപ്പ് നടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കുന്നു.ഫിറോസ് ഖാനെ സമാനമായ കുറ്റത്തിന് കഴിഞ്ഞ മാസം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണു വീണ്ടും തട്ടിപ്പ് നടത്തിയത്.
ഇയാള്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍, മരട്, ചേര്‍ത്തല സ്റ്റേഷനുകളില്‍ സമാനമായ തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്. ഓരോരുത്തരില്‍ നിന്നായി 2.5 ലക്ഷം രൂപ മുന്‍കൂറായി കൈപ്പറ്റിയശേഷം നിരവധി പേരെയാണ് ഇവര്‍ ദുബായിലേക്ക് അയയ്ച്ചത്.
റിക്രൂട്ടിംഗ് ലൈസെന്‍സ് ഇല്ലാത്തതിനാല്‍ വേറെ പല ഏജന്‍സികളിലൂടെയാണ് ഇവര്‍ക്ക് ജോലി ശരിയാക്കാന്‍ ഉദ്ദേശിച്ചത്. ദുബായിലുള്ള ഏജന്റുമാര്‍ക്ക് പണം കിട്ടാതിരുന്നത്തോടെ പലരും പിന്‍വലിഞ്ഞു. ഇതോടെ പല ദിവസങ്ങളിലായി വിദേശത്ത് എത്തിയ ഉദ്യോഗാര്‍ഥികള്‍ താമസിക്കാന്‍ സ്ഥലമോ ഭക്ഷണമോ ജോലിയോ ഇല്ലാതെ പെരുവഴിയിലായി.
ഇതിനിടയില്‍ പലരും സ്വന്തംനിലയ്ക്ക് അവിടെ പല ജോലികളും തരപ്പെടുത്തി. പണം നഷ്ട്പെട്ട ചിലര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണു ഇരുവരും പിടിയിലായത്.
കേസെടുത്ത വിവരം അറിഞ്ഞ രണ്ടുപേരും കോഴിക്കോട് എത്തി. അവിടെ നിന്ന് ഡല്‍ഹിക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായതെന്നും പോലീസ് വ്യക്തമാക്കുന്നു.കേസില്‍ കൂടുതല്‍ പ്രതികള്‍ക്കു പങ്കുണ്ടോ എന്നത് സംബന്ധിച്ചെല്ലാം അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.
കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ നാഗരാജ്, ഡെപ്യൂട്ടി കമ്മിഷണര്‍ ഐശ്വര്യ ഡോംഗ്രെ, എറണാകുളം സെന്‍ട്രല്‍ അസി. കമ്മിഷണര്‍ എ.ജെ. തോമസ് എന്നിവരുടെ നിര്‍ദേശപ്രകാരം നോര്‍ത്ത് എസ്എച്ച്ഒ പ്രദീപ് കുമാര്‍, എസ്ഐ കെ.കെ. പ്രശോഭ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരും റിമാന്‍ഡിലാണ്.