കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കൊല്ലം പട്ടാഴി സ്വദേശി ജസ്റ്റിന് ജെയിംസ്(32) ചില്ലറക്കാരനല്ലെന്ന് പോലീസ്.
ഇയാൾക്കെതിരേ വിവിധ കോണുകളില്‍നിന്ന് പരാതി ഉയരുകയാണ്. അവസാനമായി ഒന്നര ലക്ഷം തട്ടിയ പരാതിയില്‍ ജസ്റ്റിനെതിരേ പനങ്ങാട് പോലീസ് കേസെടുത്തു.
കോട്ടയം രാമപുരം സ്വദേശിയുടെ പരാതിയിലാണ് കേസ്. മുളവുകാട് സ്റ്റേഷന് പരിധിയില്‍നിന്ന് മാത്രമായി 10 ലക്ഷം രൂപയോളം രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്.
കൊച്ചി, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ വാടക വീടുകളിലും ലോഡ്ജുകളിലുമാണ് ജസ്റ്റിന്റെ താമസം. പലരില്‍ നിന്നായി അരക്കോടിയോളം രൂപ തട്ടിയതായാണ് പ്രാഥമിക നിഗമനം. സംസ്ഥാനത്തെ 12 ജില്ലകളിലുമായി ഏകദേശം 150ലധികം പേര് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നു പോലീസ് പറയുന്നു.
ഏപ്രില്‍ 28നാണ് നൂറോളം ഉദ്യോഗാര്‍ഥികളുടെ പരാതിയില്‍ ജസ്റ്റിനെ മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തത്. സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ ഫയര്‍ ആന്‍ഡ് സേഫ്സ്റ്റിയില് ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ പണം തട്ടുന്നത്.
ഒഎല്‍എക്സ് എന്ന വ്യാപാര ശൃംഖല വഴി പരസ്യം നല്‍കിയാണ് ഇയാള്‍ രാമപുരം സ്വദേശിയെ കുടുക്കിയത്.