കൊച്ചി: ഒരിടവേളയ്ക്കുശേഷം കൊച്ചിയില്‍ വീണ്ടും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങ ളുടെ തട്ടിപ്പ്.സ്ഥാപന ഉടമയായ പ്രതിയുടെ യഥാര്‍ഥ വിവരങ്ങള്‍ ഓഫീസ് സ്റ്റാഫുകള്‍ പോലും അറിയുന്നത് ഇയാളെ അറസ്റ്റ് ചെയ്തു സ്ഥാപനത്തില്‍ കൊണ്ടുവന്നപ്പോള്‍ മാത്രം.
ഇംഗ്ലണ്ടിലും നെതര്‍ലന്‍ഡിലും ആശുപത്രികളിലേക്കു കോവിഡ് ഡ്യൂട്ടിക്കായി ആളുകളെ ആവശ്യമുണ്ടെന്ന പേരില്‍ പരസ്യം നല്കി ഉദ്യോഗാര്ഥികളില്നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപന ഉടമ നെടുമങ്ങാട് പനകോട് കരിയാട്ടി താജി മന്‍സിലില്‍ താജുദ്ദീന് (ദിലീപ്-49) ആണ് അറസ്റ്റിലായത്.
പിതാവിന്റെ പേരുവരെ മാറ്റിയ പ്രതിക്കു വിവിധയിടങ്ങളിലായി മൂന്നിലേറെ വ്യാജ അഡ്രസുകള്‍ ഉള്ളതായാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായാണ് വ്യാജ അഡ്രസുകള്‍ ഉള്ളത്. താജുദ്ദീന് എന്ന പ്രതി ഇയാളുടെ പേര് ദിലീപ് എന്ന് മാറ്റിയതായും കൂടാതെ ഇയാളുടെ പിതാവിന്റെ പേരും മാറ്റിയതായും കണ്ടെത്തിയിരുന്നു.
വിദേശ റിക്രൂട്ട്മെന്റ് നടത്തുന്നതിനുള്ള യാതൊരുവിധ ലൈസന്‍സും പ്രതിയുടെ കമ്പനിക്ക് ഇല്ലെന്നും വ്യക്തമായിട്ടുള്ളതായി പോലീസ് പറഞ്ഞു. ഇയാൾ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്.
ആദ്യ ഭാര്യ തിരുവനന്തപുരത്തും രണ്ടാം ഭാര്യ ചെന്നൈയിലും ആണ് താമസിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്തു സ്ഥാപനത്തില്‍ കൊണ്ടു വരുമ്പോഴാണ് പ്രതിയുടെ യഥാര്‍ഥ വിവരങ്ങള്‍ ഓഫീസ് സ്റ്റാഫുകള്‍ പോലും അറിയുന്നത്.
പരസ്യം ഒഎല്‍എക്സിൽ
എറണാകുളം ദിവാന്‍സ് റോഡില്‍ ബ്രില്ലാന്റോ എച്ച്ആര്‍ മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ഇയാള്‍ വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തിയിരുന്നത്.ഇംഗ്ലണ്ടിലും നെതര്‍ലന്‍ഡിലും ആശുപത്രികളിലേക്ക് കോവിഡ് ഡ്യൂട്ടിക്കായി ആളുകളെ ആവശ്യമുണ്ടെന്നും മൂന്നുലക്ഷം രൂപ ശമ്പളം നല്‍കുമെന്നും കാണിച്ച് ഒഎല്‍എക്സിലും മറ്റും ഓണ്‍ലൈന്‍ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്.
പരസ്യത്തില്‍ പ്ലസ്ടു മാത്രമാണു വിദ്യാഭ്യാസയോഗ്യത പറയുന്നത്. ഇംഗ്ലണ്ടിലേക്ക് 70,000 രൂപയും നെതര്‍ലന്‍ഡിലേക്ക് മൂന്ന് ലക്ഷം രൂപയുമാണ് സര്‍വീസ് ചാര്‍ജ്. ഇംഗ്ലണ്ടിലേക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ പതിനായിരം രൂപയും പാസ്പോര്‍ട്ടും നെതര്‍ലന്‍ഡിലേക്ക് മുപ്പതിനായിരം രൂപയും പാസ്പോര്‍ട്ടും കൊടുക്കണമായിരുന്നു.
ഒരുക്കിയിരുന്നത് ആഡംബര ഓഫീസ്
വാരിയം റോഡില്‍ ഉദ്യോഗാര്‍ഥികളെ ആകര്‍ഷിക്കാനായി ആഡംബര ഓഫീസാണ് ഇയാള്‍ തയാറാക്കിയിരുന്നത്. ഓഫീസില്‍ ജോലിക്കായി നിര്‍ത്തിയിരിക്കുന്ന സ്റ്റാഫുകള്‍ക്കെല്ലാം ആകര്‍ഷിക്കുന്ന തരത്തിലുള്ള പേരുകളാണ് നല്‍കിയത്.
ഫീസ് കാര്യങ്ങള്‍ നോക്കിയിരുന്ന സ്റ്റാഫിന്റെ നമ്പറാണ് ഓണ്‍ലൈന്‍ പരസ്യത്തില്‍ നല്‍കുന്നത്.അതില്‍ മന്ത്ര എന്നാണ് സ്റ്റാഫിന്റെ വ്യാജ പേര് നല്‍കിയിരുന്നത്. മറ്റു സ്റ്റാഫുകള്‍ക്കും ഇയാള്‍ വ്യാജ പേരുകളാണ് ഓഫീസില്‍ നല്‍കിയിരുന്നത്.
കോവിഡ് ഫൈനിൽ കുടുക്കി
ഒരാഴ്ചയായി പ്രതിയുടെ ഓഫീസ് പോലീസ് നിരീക്ഷണത്തിലായിരുന്നു. പോലീസിന്റെ ഒപ്പം നില്ക്കുന്ന കുട്ടികളെ ഉദ്യോഗാര്‍ഥികളായി തരപ്പെടുത്തി പോലീസ് പ്രതിയുടെ മുഴുവന്‍ വിവരങ്ങളും മനസിലാക്കി.
തുടര്‍ന്നു പോലീസ് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഓഫീസ് തുറന്നു എന്ന കാരണത്തില്‍ ഓഫീസില്‍ കയറി പ്രതിയുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട് ഓഫീസ് സ്റ്റാഫ് മുഖേന കോവിഡ് ലംഘനത്തിനു പ്രതിക്കെതിരേ കേസെടുത്തിട്ടുണ്ട് എന്ന് അറിയിക്കുകയും ചെയ്തു.
സ്റ്റേഷനില്വന്ന് ഫൈന്‍ അടക്കണമെന്നും അല്ലെങ്കില്‍ അഡ്രസില്‍ പോലീസ് പോകുമെന്നും അറിയിച്ചു. വ്യാജ അഡ്രസ് ആയതിനാല്‍ പ്രതി ഫൈന്‍ അടക്കുമെന്നു പോലീസിന് ഉറപ്പായിരുന്നു. നേരിട്ട് വന്നാല്‍ ഐഡി കാര്‍ഡിന്റെ ആവശ്യമില്ലെന്നും പണം അടയ്ക്കണമെന്നും പോലീസ് അറിയിച്ചു. തുടര്‍ന്നാണു പ്രതി എറണാകുളത്ത് എത്തുന്നതും പോലീസ് പിടിയിലായതും.
എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജി, സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്. വിജയശങ്കര്‍ എന്നിവരുടെ നേത്രത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ പ്രേംകുമാര്‍, ജോസഫ്, ഗോപി, അസി. സബ്ഇന്‍സ്പെക്ടര്‍ ഷാജി, ധീരജ്, സീനിയര്‍ സിപിഒമാരായ അനീഷ്, ഇസഹാക്, രഞ്ജിത്ത്, ഇഗ്നേഷിയസ്, രാജേഷ്, എബി സുരേന്ദ്രന് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.