കൊച്ചി: ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ കേസില്‍ പോലീസ് പിടിയിലായ പ്രതിക്കെതിരേ കൂടുതല്‍ പരാതികളുമായി ആളുകള്‍ രംഗത്ത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്ന പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനും നീക്കങ്ങളാരംഭിച്ചു.
ഇംഗ്ലണ്ടിലും നെതര്‍ലന്‍ഡിലും ആശുപത്രികളിലേക്കു കോവിഡ് ഡ്യൂട്ടിക്കായി ആളുകളെ ആവശ്യമുണ്ടെന്ന പേരില്‍ പരസ്യം നല്കി ഉദ്യോഗാര്ഥികളില്നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപന ഉടമ നെടുമങ്ങാട് പനകോഡ് കരിയാട്ടി താജി മന്‍സിലില്‍ താജുദ്ദീന് (ദിലീപ്-49) ആണ് കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്.
ഒരൊറ്റ പരാതിയുടെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനുശേഷമാണു പ്രതിയെ പോലീസ് കുടുക്കിയത്.
ഇതുവരെ പ്രതിക്കെതിരേ ഇരുപതോളം കേസുകള്‍ ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍ ഉയരാനുമാണു സാധ്യത.
കൊച്ചിയില്‍ തട്ടിപ്പിന്റെ ആരംഭം കുറിച്ചപ്പോള്‍തന്നെ പ്രതിയെ പിടികൂടാനായതിനാല്‍ പലരുടെയും കൂടുതല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണു പോലീസ് നിഗമനം. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്താലെ തട്ടിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.
പ്രതിയെ സ്റ്റഡിയില്‍ ലഭിക്കുന്നതിനായി ഇന്നലെ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. തിങ്കളാഴച് കസ്റ്റഡിയില്‍ ലഭിക്കുമെന്നാണു അധികൃതരുടെ നിഗമനം. കസ്റ്റഡിയില്‍ വിട്ടുകിട്ടുന്ന മുറയ്ക്കു പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുകയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്യും.
എറണാകുളം ദിവാന്‍സ് റോഡില്‍ ബ്രില്ലാന്റോ എച്ച്ആര്‍ മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലായിരുന്നു ഇയാള്‍ വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തിയിരുന്നത്.
താജുദ്ദീന് തട്ടിപ്പിന്റെ ആശാൻ; വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; ഒരുക്കിയിരുന്നത് ആഡംബര ഓഫീസ്; വിലങ്ങുമാ യെത്തിയ മുതലാളിയെ കണ്ട് ഞെട്ടി ജീവനക്കാർ