സ്വന്തംലേഖകന്‍
കോഴിക്കോട് : കോവിഡും ലോക്ഡൗണ്‍ പ്രതിസന്ധിയും നിലനില്‍ക്കെ സംസ്ഥാനത്തെ യുവാക്കളെ ലക്ഷ്യമിട്ട് വ്യാജ റിക്രൂട്ടറിംഗ് ഏജന്‍സികള്‍. പ്രമുഖ കമ്പനികളുടെ യുടെ പേരില്‍ ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടക്കുന്നത്. ഇന്റര്‍നെറ്റില്‍ പരസ്യം നല്‍കിയുള്ള തട്ടിപ്പില്‍ അനുദിനം നിരവധി യുവാക്കളാണ് വഞ്ചിക്കപ്പെടുന്നത്.
തട്ടിപ്പ് സംഘത്തെ കുറിച്ച് പരാതി നല്കിയാല് മോര്‍ഫിംഗ് നടത്തി സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുമെന്നും ഇവര്‍ ഭീഷണി മുഴുക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് പല യുവാക്കളും പോലീസില്‍ പരാതി നല്കാന് പോലും മടിക്കുകയാണ്.
കോഴിക്കോട് കക്കോടി സ്വദേശിയും സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനുമായ യുവാവ് എലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വ്യാജ റിക്രൂട്ടിംഗ് ഏജന്‍സുകളുടെ തട്ടിപ്പുകളുടെ വ്യാപ്തി വ്യക്തമായത്.
എയര്‍പോര്‍ട്ട് ജോലിക്കായി ഇന്റര്‍നെറ്റില്‍ നോക്കിയപ്പോഴാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ജോലി ഒഴിവുണ്ടെന്ന പരസ്യം കണ്ടത്.
പരസ്യത്തിലുള്ള നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ പേരും മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും വാട്സ് ആപ്പ് ചെയ്യാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിമാനകമ്പനിയുടെ അധികൃതരെന്ന് പറഞ്ഞ് ഒരാള്‍ ഫോണ്‍ വഴി ബന്ധപ്പെട്ടു.
ഹിന്ദിയിലും ഇംഗ്ലീഷിലുമായിരുന്നു സംസാരം.പോലീസ് വെരിഫിക്കേഷനും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വെരിഫിക്കേഷനുമുള്ള ഫീസായി 1600 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി ഒരു ബാങ്ക് അക്കൗണ്ട് നമ്പറും നല്കി. ഈ നമ്പറിലേക്ക് തുക അയച്ചുകൊടുത്തു.
പണം അയച്ചു നല്‍കിയതിന് പിന്നാലെ 15 മിനിറ്റിനുള്ളില്‍ പണം ലഭിച്ചുവെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള സന്ദേശം ഇമെയില്‍ ആയി ലഭിക്കുമെന്നറിയിച്ചു. ഇതുപ്രകാരം മെയില്‍ ഐഡിയില്‍ സന്ദേശം ലഭിക്കുകയും ചെയ്തു. പിന്നീട് യൂണിഫോംഡിപ്പാര്ട്ട്മെന്റില് നിന്ന് ഫോണ്‍ കോള്‍ വരുമെന്ന് സന്ദേശം ലഭിച്ചു.
അതിനിടെ തിരിച്ചറിയല്‍ രേഖകളും ഫോട്ടോയും ആവശ്യപ്പെട്ടു. മേല്‍വിലാസവും വയസ് തെളിയിക്കുന്ന രേഖകളുമായിരുന്നു ആവശ്യപ്പെട്ടത്.ഇതിന് ശേഷം ട്രയിനിംഗ് ലെറ്റര്‍ അയയ്ക്കുമെന്ന് എച്ച്ആര്‍ മാനേജര്‍ അറിയിച്ചു. രണ്ട് മുതല്‍ മൂന്നുമാസം വരെയാണ് പരിശീലനം.
ഇക്കാലയളവില്‍ 22,500 – 28,000 രൂപവരെ ലഭിക്കുമെന്നും അറിയിച്ചു. പരിശീലന ശേഷം ശമ്പളം 32,000 -48500 രൂപ ആവുമെന്നും അറിയിച്ചു. തുടര്‍ന്ന് വീണ്ടും ഫോണില്‍ കമ്പനി അധികൃതരെന്ന പേരില്‍ ബന്ധപ്പെട്ടു. അടുത്തുള്ള വിമാനത്താവളത്തില്‍ പരിശീലന ആവശ്യാര്‍ത്ഥം നിശ്ചിത ദിവസം എത്തണമെന്ന് നിര്‍ദേശിച്ചു.
അവിടെ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥന് ബന്ധപ്പെടുമെന്നും അറിയിച്ചു.ആധാര്കാര്ഡുള്പ്പെടെയുള്ള വിവരങ്ങള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടാവുമെന്നും അവര്‍ പറയുന്നതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മതിയെന്നും പറഞ്ഞു.
അവിടെ നിന്ന് മൂന്ന് കിറ്റുകള്‍ ലഭിക്കുമെന്നും ഇതില്‍ യൂണിഫോമും വാക്കിടോക്കിയുമുള്പ്പെടെ ഉണ്ടാവുമെന്നും വിശ്വസിപ്പിക്കുകയായിരുന്നു. യൂണിഫോമിന് പുറത്ത് 15000 രൂപയോളം വിലവരും. കമ്പനി നേരിട്ട് നല്കുമ്പോള് 3000 രൂപ നല്കിയാല് മതിയെന്നും ഈ തുക ഉടന്‍ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു.
കൊല്‍ക്കത്തയിലെ എസ്ബിഐ ശാഖയിലേക്കായിരുന്നു ഈ പണം അടയ്ക്കാന്‍ നിര്‍ദേശിച്ചത്. എയര്‍പോര്‍ട്ട് അതോററ്റി ഓഫ് ഇന്ത്യയുടെ വ്യാജ ലോഗോ സഹിതമായിരുന്നു സന്ദേശം അയച്ചത്. ഇതോടെയാണ് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്.
ക്രിമിനലെന്ന് ‘മുദ്ര’കുത്തി മോര്‍ഫിംഗ്
തട്ടിപ്പിനെ കുറിച്ച് സംശയം തോന്നിയതോടെ ഇവരുടെ നമ്പറില്‍ വിളിച്ച് സംശയം പ്രകടിപ്പിച്ചു. ഇതോടെ ഭീഷണിയും തുടര്‍ന്നു.
ഒടുവില്‍ അയച്ചു നല്കിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയ്ക്ക് മുകളില്‍ ക്രിമിനല്‍ ബാക്ഗ്രൗണ്ട് എന്നെഴുതി മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നാണ് ഭീഷണി. ഇന്നലെയും ഇവര്‍ ഭീഷണിപ്പെടുത്തി ഫോണ്‍ ചെയ്തതായി യുവാവ് വ്യക്തമാക്കി.
തട്ടിപ്പിന് ഇരകള്‍ നിരവധി
തട്ടിപ്പിന് നിരവധി പേര് ഇരകളായതായാണ് യുവാവ് പറയുന്നത്. പൊന്നാനിയിലുള്ള ഒരാള്‍ക്ക് ആറരലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഇന്റിഗോഎയര്ലൈന്സില് ജോലി ചെയ്യുന്ന ജീവനക്കാരന്റെ ബന്ധുവിനും സമാനമായ തട്ടിപ്പിലൂടെ 1,50,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.