അമ്പലപ്പുഴ: പട്ടാളത്തിൽ ജോലി നൽകാം എന്ന വ്യാജേന യുവാക്കളിൽ നിന്നു കോടികൾ തട്ടിയവർ വ്യക്തമായ പ്ലാനിംഗോടെയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നു പോലീസ്.
എറണാകുളം, കളമശേരി, പോണേക്കര ഗായത്രി നിവാസിൽ സന്തോഷ് കുമാർ (47), പത്തനംതിട്ട, കുമ്പഴ, വള്ളിപ്പറമ്പ് വീട്ടിൽ സിറിൾ (31) എന്നിവരാണ് അറസ്റ്റിലായത്.
വിവിധ ജില്ലകളിലായി ജോലി വാഗ്ദാനം നൽകി യുവാക്കളുടെ സർട്ടിഫിക്കറ്റുകളും ഫോട്ടോയും തിരിച്ചറിയൽ രേഖകളും വാങ്ങി വ്യാജ കോൾ ലെറ്റർ അയച്ച് ബാംഗ്ലൂർ, യുപി മുതലായ സ്ഥലങ്ങളിൽ താമസിപ്പിക്കും.
ഇവിടെ റിക്രൂട്ട്മെന്റിന് സമാനമായ രീതിയിൽ സർട്ടിഫിക്കേറ്റ് വെരിഫിക്കേഷനും പരിശീലനവും നടത്തി തിരികെ നാട്ടിലേക്ക് അയയ്ക്കുകയാണ് പതിവ്.
ഔദ്യോഗിക അറിയിപ്പുകൾ മേൽവിലാസത്തിൽ അറിയിക്കുമെന്ന ഉറപ്പും നൽകിയാണ് തിരിച്ചയയ്ക്കുന്നത്.പിന്നീട് ഇവരെ ഫോണിൽ വിളിച്ചാൽ കിട്ടാറില്ല.
പട്ടാളത്തിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഇരുവരും ചേർന്ന് അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിലുള്ള 10 ഓളം യുവാക്കളിൽ നിന്നു രണ്ടു വർഷം മുന്പ് അഞ്ചു ലക്ഷം രൂപ വാങ്ങിയിരുന്നു.
കളമശേരിയിലുള്ള സന്തോഷിന്റെ വീട്ടിൽ വച്ചാണ് സിറിൾ ഇവരുടെ സർട്ടിഫിക്കറ്റുകളും മറ്റും വാങ്ങി പണം വാങ്ങിയത്. മേജറുടെ യൂണിഫോം ധരിച്ച് സന്തോഷും ഉണ്ടായിരുന്നു.
പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നും റിക്രൂട്ട്മെന്റ് കാര്യങ്ങൾ നോക്കുന്നത് ഇദ്ദേഹമാണെന്നും പറഞ്ഞാണ് സന്തോഷിനെ പരിചയപ്പെടുത്തിയത്.
തുടർന്ന് സിറിൾ നൽകിയ അക്കൗണ്ടിലേക്ക് ചെറുപ്പക്കാർ പണം നിക്ഷേപിക്കുകയായിരുന്നു. രണ്ട് വർഷം കഴിഞ്ഞിട്ടും ജോലിയോ, പണമോ ലഭിക്കാതിരുന്നതിനെ തുടർന്നാണ് അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയത്.
അമ്പലപ്പുഴ പോലീസ് നടത്തിയ അന്വേഷണത്തിൽ സിറിൾ പാലക്കാടും സന്തോഷ് ബാംഗ്ലൂരും ഉണ്ടെന്ന് വിവരം ലഭിച്ചു.
തുടർന്ന് അമ്പലപ്പുഴ ഡിവൈഎസ്പി എസ്.ടി. സുരേഷ് കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് അന്വേഷണ സംഘം രണ്ടായി തിരിഞ്ഞ് എസ്ഐ പി.ജെ. ടോൾസന്റെ നേതൃത്വത്തിൽ ഒരു സംഘം പാലക്കാട്ടേക്കും സിഐ ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ബാംഗ്ലൂരിലേക്കും പ്രതികളെ അന്വേഷിച്ച് പോയി.
പ്രതികളെ ഒരേ സമയം രണ്ടു സ്ഥലത്തു നിന്നും പിടികൂടുകയായിരുന്നു. സന്തോഷിന്റെ പേരിൽ 2005 മുതൽ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതിന് നെയ്യാർ, കൊട്ടാരക്കര, ചവറ, കായംകുളം, കനകക്കുന്ന്, വെൺമണി, ഹരിപ്പാട് മുതലായ സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്.
രണ്ട് വർഷം മുന്പാണ് സിറിൾ സന്തോഷിനോടൊപ്പം കൂടുന്നത്. പ്രത്യേക അന്വേഷണ സംഘത്തിൽ സിപിഒ മാരായ .എം.കെ. വിനിൽ, യു. വിനു കൃഷ്ണൻ, ടിനു വർഗീസ്, മനീഷ്, ഡ്രൈവർ അനീഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.