അടൂര്‍: വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് അഡ്മിഷന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പോലീസ്. കേസിലെ പ്രധാന പ്രതിയെന്നു സംശയിക്കുന്നയാളെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു.
കന്യാകുമാരിയില്‍ താമസിച്ചുവരുന്ന റെയ്നാള്‍ഡ് ടി. ജേക്കബാണ് (പ്രെയ്സ്മോന്) അറസ്റ്റിലായത്. ബീഹാറിലെ പാറ്റ്നയിലെ മേല്‍വിലാസത്തിലാണ് ഇയാള്‍ അറിയപ്പെടുന്നത്.
മാവേലിക്കര സ്വദേശിയായ സ്റ്റീഫന്റെ പരാതിയിലാണ് കേസ്. വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎശ് സീറ്റ് വാഗ്ദാനം ചെയ്ത ഇയാള്‍ കന്യാകുമാരി സ്വദേശികളായ മറ്റു നാലു പേരെ പരിചയപ്പെടുത്തുകയും 60 ലക്ഷത്തോളം രൂപ കൈക്കലാക്കുകയും സീറ്റ് തരപ്പെടുത്തി നല്‍കാതെ വഞ്ചിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അറിഞ്ഞ് പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കേസിലെ പ്രതികള്‍ വിവിധ കാലങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ കുടുംബത്തോടൊപ്പവും മറ്റും പലയിടത്തും വാടകവീടുകളിലും മറ്റും മാറിത്താമസിക്കുകയാണെന്നും പോലീസ് പറഞ്ഞു.
പ്രതികള്‍ക്കെതിരേ പന്തളം, പാലാ, തൃശൂര്‍ വെസ്റ്റ്, മഹാരാഷ്ട്ര നാഗ്പൂര്‍ എന്നിവിടങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തട്ടിപ്പിന് പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
അടൂര്‍ ഡിവൈഎസ്പി ആര്.ജയരാജിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തില്‍ അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ റ്റി.ഡി. പ്രജീഷ്, സബ്് ഇന്‍സ്പെക്ടര്‍മാരായ എം. മനീഷ്, അനില്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അന്‍സാജു, സുഡാഷ് എന്നിവര്‍ അംഗങ്ങളാണ്.