കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ പ്രതി തട്ടിയെടുത്തത് 80 ലക്ഷത്തിലധികം രൂപ. കേസുമായി ബന്ധപ്പെട്ട് മലയാറ്റൂര്‍ നീലേശ്വരം മണിയങ്ങാട്ട് വീട്ടില്‍ അഫിന് ആണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്.
ഇയാളുടെ ഉടമസ്ഥതയില്‍ കടവന്ത്രയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന എബ്രോ എയ്ഡ് എന്ന സ്ഥാപനം വഴിയാണ് പ്രതി തട്ടിപ്പ് നടത്തിയത്.സ്ഥാപനം വഴി ജര്‍മന്‍ ഭാഷ പഠിപ്പിക്കുകയും അത് വഴി വിദേശത്ത് ജോലിയും വാഗ്ദാനം നല്കി നിരവധി ഉദ്യോഗാര്ഥികളില്നിന്നും ലക്ഷങ്ങള്‍ വാങ്ങുകയും എന്നാല്‍ പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് വിസയോ നല്കിയ പണമോ തിരികെ നല്‍കാതെ ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുകയായിരുന്നു.
100 ഓളം പരാതികളാണ് ഇയാള്‍ക്കെതിരെ ലഭിച്ചത്. ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്ന സ്ഥാപനം കളമശേരിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. തട്ടിപ്പിനിരയായ 15 പേര് കളമശേരി പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.
എറണാകുളം ജില്ലയില്‍ നിന്നുള്ളവരാണ് പരാതിക്കാരില്‍ ഏറെയും. പരാതികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പോലീസ് സ്ഥാപനത്തില്‍ റെയ്ഡ് നടത്തി നിരവധിയാളുകളുടെ ബായോഡാറ്റയും രേഖകളും പിടിച്ചെടുത്തു.
അന്വേഷണത്തില്‍ സ്ഥാപനത്തിന് വിദേശത്തേക്ക് ആളുകളെ കയറ്റിയയക്കുന്നതിനുള്ള ലൈസന്‍സില്ലെന്നും തെളിഞ്ഞു. കേസ് എടുത്തതായി അറിഞ്ഞ പ്രതി ഉടന്‍ തന്നെ വിദേശത്തേക്ക് കടന്നുകളഞ്ഞു.
എന്നാല്‍ പ്രതിക്കെതിരേ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ഇന്നലെ ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.