നെടുമങ്ങാട് വിഎസ്എസ് സി യിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ആളിനെ പോലീസ് അറസ്റ്റു ചെയ്തു. കുറുപുഴ ഇളവട്ടം പച്ചമല തടത്തരികത്ത് വീട്ടിൽ അനിൽ കുമാറിനെയാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്.
തുമ്പ വിഎസ്എസ് സി സീനിയർ ഹെഡ് അനിൽ കുമാർ നൽകിയ പരാതിയെ തുടർന്നാണ് ഇയാളെ പിടികൂടിയത്.
ഉന്നത സർക്കാർ ഉദ്യോഗസ്ഥനെന്ന വ്യാജേന ഉദ്യോഗാർഥികളെ പറഞ്ഞു വിശ്വസിപ്പിച്ച് വിഎസ്എസ് സി യുടെ തുമ്പ, വട്ടിയൂർകാവ്, വലിയമല എന്നിവിടങ്ങളിൽ സ്വീപ്പർ, പ്യൂൺ തുടങ്ങി 750 ൽ അധികം ഒഴിവുകളുണ്ടെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ പ്രതി സമാന തട്ടിപ്പ് നടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞു.
രണ്ടര കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ ഇയാളുടെ അക്കൗണ്ട് വഴി നടന്നിട്ടുണ്ട്. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
നെടുമങ്ങാട് ഡിവൈഎസ്പി എം.കെ. സുൽഫിക്കറിന്റെ നേതൃത്വത്തിൽ വലിയമല സിഐ ജി. സുനിൽ, സബ് ഇൻസ്പെക്ടർമാരായ അൻസാർ, സുനിൽ കുമാർ, സിപിഒ മാരായ സനൽരാജ്, സുജുകുമാർ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.