കൊച്ചി: വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ പിടിയിലാകാന്‍ ഇനിയും പ്രതികള്‍. സ്ഥാപനത്തിന്റെ ചില നടത്തിപ്പുകാര്‍ ഉള്‍പ്പെടെ ഇനിയും പ്രതികള്‍ പിടിയിലാകാനുള്ളതായാണ് പോലീസ് നല്കുന്ന വിവരം. ഏതാനും ദിവസത്തിനിടെ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെയാണു പിടികൂടിയത്.
കേസില്‍ ഒളിവില്‍ പോയ ഒന്നാം പ്രതിയായ ജോര്‍ജ് ടി. ജോസിനെ കൊച്ചി സിറ്റി പോലീസിന്റെ സ്പെഷല്‍ ടീം ഇന്നലെയും കേസിലെ ആറാം പ്രതിയും ഇടുക്കി അണക്കര സ്വദേശിനിയുമായ വിനീത മാത്യുവിനെ ഏതാനും ദിവസം മുമ്പുമാണു അറസ്റ്റ് ചെയ്തത്. ജോര്‍ജ് ടി. ജോസിനെ മഹാരാഷ്ട്രയിലെ ബോയിസര്‍ എന്ന സ്ഥലത്തുനിന്നുമാണ് പിടികൂടിയത്.
കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഒളിവില്‍ കഴിഞ്ഞ പ്രതിയെ കണ്ടെത്തിയത്. പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന ജോര്‍ജ് ഇന്റർനാഷണല്‍ എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ പേരില്‍ വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് 200 പേരില്‍നിന്ന് രണ്ട് കോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
എറണാകുളം സൗത്ത് പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. പിന്നീട് കൊച്ചി സിറ്റി ഡിസിപി ജി. പൂങ്കുഴലിയുടെ നിർദേശ പ്രകാരം കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു.
സ്പെഷല്‍ ടീം അംഗങ്ങളായ കൊച്ചി സിറ്റി ക്രൈം ബ്രാഞ്ച് എസിപി ബിജി ജോര്‍ജ്, ഇന്‍സ്പെക്ടര്‍ കെ.ജി. അനീഷ്, സബ് ഇന്‍സ്പെക്ടര്‍ വിനേജ്, എഎസ്ഐ സി.എ. ജോസി, സിപിഒ എം. മഹേഷ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജോര്‍ജ് ടി. ജോസിനെ പിടികൂടിയത്.