കൊച്ചി: മജിസ്ട്രേറ്റ് ചമഞ്ഞ് ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനി ജിഷ കെ. ജോയി മുമ്പും തട്ടിപ്പു കേസുകലില്‍ പ്രതിയായിട്ടുള്ളതായി പോലീസ്.
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ സംഭവത്തില്‍ ജിഷയ്ക്കെതിരേ പത്തനംതിട്ടയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനുപുറമേ മുക്കുപണ്ടം പണയ വെച്ച് തട്ടിപ്പ് നടത്തിയതിന് കോന്നി പോലീസും കേസെടുത്തിട്ടുണ്ട്. ഹൈക്കോട്ട് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത എറണാകുളം സ്വദേശിയില്‍നിന്ന് 8.6 ലക്ഷം തട്ടിയ കേസിലാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്.
ഹൈക്കോടതിയില്‍ വക്കീലാണെന്നും മജിസ്ട്രേറ്റ് പരീക്ഷയെഴുതി നിയമനം ലഭിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ചാണ് ജിഷ പണം തട്ടിയത്. 2022ല്‍ രണ്ടേകാല്‍ ലക്ഷം രൂപയും 23ല്‍ ആറര ലക്ഷം രൂപയും പരാതിക്കാരില്‍നിന്ന് തട്ടിയെടുക്കുകയായിരുന്നു.
പണം നല്‍കിയിട്ടും ജോലി ലഭിക്കാതായോടെ ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ജിഷയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.