പത്തനംതിട്ട: ഹോങ്കോംഗിൽ ജോലി വാഗ്ദാനം ചെയ്തു നാലു ലക്ഷം രൂപ തട്ടിയയാൾ പിടിയിൽ.ചെന്നൈയിലെ ഫ്ലൈ ഡ്രീംലാൻഡ് ട്രാവൽസ് എന്ന സ്ഥാപനം മുഖേന ഹോങ്കോംഗിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
തമിഴ്നാട് തിരുവള്ളൂർ കക്കല്ലൂർ സ്വദേശി വി.എസ്. ആദം(39) എന്നയാളാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം ചാരുംമൂട്ടിൽ വീട്ടിൽ സതീഷാണ് കബളിപ്പിക്കപ്പെട്ടത്.
ഇയാൾക്കു പങ്കാളിത്തമുള്ള ചെന്നൈയിലെ ഈ സ്ഥാപനം മുഖേന ഹോങ്കോംഗിലെ പായ്ക്കിംഗ് കമ്പനിയിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് രണ്ടുതവണയായി നാലു ലക്ഷം രൂപ ചെന്നൈ സിറ്റി യൂണിയൻ ബാങ്കിലെ അക്കൗണ്ടിലേക്ക് കൈമാറിയെടുത്തത്.
കഴിഞ്ഞമാസം 24-നാണ് സതീഷ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച തിരുവല്ല പോലീസ് ഇയാൾക്ക് കോയിപ്രം, കീഴ് വായ്പൂര്, ആലുവ പോലീസ് സ്റ്റേഷൻ പരിധിയിലും സമാനമായ കേസുകളുണ്ടെന്ന് കണ്ടെത്തി.
കീഴ് വായ്പൂര് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ അഞ്ചിന് ആദമിനെ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയിരുന്നു.വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഇയാളെ തിരുവല്ല കോടതി ഉത്തരവു വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി.
പണമിടപാട് സംബന്ധിച്ചും മറ്റുമുള്ള രേഖകൾ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദേശപ്രകാരം വിശദമായ അന്വേഷണം നടന്നുവരികയാണ്.