കൊച്ചി: സൗദി അറേബ്യയിലെ മക്കയിൽ ക്ലീനിംഗ് ജോലികൾക്കു കൊണ്ടുപോകാമെന്നു പറഞ്ഞ് തമിഴ്നാട് സ്വദേശികളായ നിരവധി ഉദ്യോഗാർഥികളെ വഞ്ചിച്ച കേസിൽ റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പോലീസ്. കൂടുതൽ അന്വേഷണങ്ങളുടെ ഭാഗമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അധികൃതർ പറഞ്ഞു.
കോയന്പത്തൂർ സ്വദേശിയുടെ പരാതിയിൽ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത മലപ്പുറം പുല്ലറ വള്ളുവന്പ്രം വാർപ്പിങ്ങൽ സ്വദേശിയായ അഹമ്മദ് കോയ(54)യെ ആണ് അധികൃതർ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങുന്നത്.
പ്രതിക്കെതിരേ ഇനിയും കൂടുതൽ പരാതികൾ ഉയർന്നുവരാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. പിടികൂടുന്പോൾ പ്രതിയുടെ പക്കൽനിന്നും 150 പാസ്പോർട്ടുകളും 3,35,000 രൂപയും പിടിച്ചെടുത്തിരുന്നു. കൂടുതലായും തമിഴ്നാട് സ്വദേശികളായ ഉദ്യോഗാർഥികളാണ് ഇയാളുടെ വലയിൽ അകപ്പെട്ടത്.
മുംബൈയിലെ റിയാ എന്ന കണ്സൾട്ടൻസി വഴി ലഭിക്കുന്ന ജോലിക്ക് മൂന്ന് മാസത്തേക്കുള്ള സൗജന്യ വിസയും 2000 റിയാൽ മാസ ശന്പളവും താമസവും സൗജന്യചികിത്സയും ലഭിക്കുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ഉദ്യോഗാർഥികളെ സമീപിച്ചിരുന്നത്. 7000 രൂപ മാത്രം മുടക്കി കിട്ടുന്ന ജോലിയോടൊപ്പം പുണ്യസ്ഥലമായ മക്ക സന്ദർശിക്കാമെന്നുള്ള തമിഴ്നാട് സ്വദേശികളായ ഉദ്യോഗാർഥികളുടെ ആഗ്രഹം മുതലെടുത്തായിരുന്നു തട്ടിപ്പ്.
പാലാരിവട്ടം പൈപ്പ്ലൈൻ റോഡിൽ താമസിക്കാനെന്ന വ്യാജേന ഫ്ളാറ്റ് തരപ്പെടുത്തി അവിടെവച്ചായിരുന്നു ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതെന്നും വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകുന്നതിനു പ്രതിക്ക് യാതൊരുവിധത്തിലുമുള്ള ലൈസൻസും ഇല്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പ്രതിയുടെ പേരിൽ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും മറ്റു സ്റ്റേഷനുകളിൽ കേസുണ്ടോയെന്ന് അന്വേഷിക്കുമെന്നും അധികൃതർ പറഞ്ഞു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ എസ്. സുരേഷിന്റെ മേൽനോട്ടത്തിൽ പാലാരിവട്ടം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എസ്. സനൽ, സബ് ഇൻസ്പെക്ടർമാരായ സാബു വർഗീസ്, വി.പി. സേവ്യർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.