അമ്പലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം നല്കി പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എറണാകുളം കുന്നത്തുനാട് രായമംഗലം വില്ലേജില്‍ രായമംഗലം പഞ്ചായത്ത് 18-ാം വാര്‍ഡില്‍ കുറുപ്പുംപടി രായമംഗലം തട്ടാപറമ്പ് ചിറങ്ങര സി.പി. ബാബുവിനെ(55)യാണ് അമ്പലപ്പുഴ ഇന്‍സ്പക്ടര്‍ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മാള്‍ട്ടയിലും മറ്റ് വിദേശരാജ്യങ്ങളിലും ജോലി നല്‍കാമെന്നു പറഞ്ഞ് കേരളത്തിലെ വിവിധ ജില്ലകളിലെ നിരവധി പേരില്‍നിന്ന് പ്രതി പണം തട്ടിയിരുന്നു.2022 ജൂലൈ മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം
. പുറക്കാട് സ്വദേശിയായ യുവാവിനെ മാള്‍ട്ടയില്‍ ഡ്രൈവറായി ജോലിക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ആലുവയില്‍ പാസ്പോര്‍ട്ട് ഓഫീസിന് അടുത്ത് എഫ്വിഎല്വേ എന്ന പേരില്‍ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന ഒന്നാം പ്രതി സ്നേഹ എന്ന് വിളിക്കുന്ന റുഷീദ നേരിട്ട് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും രണ്ടാം പ്രതി ബാബുവിന്റെ അക്കൗണ്ടില്‍ മൂന്നു ലക്ഷത്തി ഇരുപതിനായിരം ഉള്‍പ്പെടെ നാലു ലക്ഷത്തി നാല്പതിനായിരം രൂപ പലപ്പോഴായി വാങ്ങിയിരുന്നു.
വീസ നല്‍കാതെ 2023 ഒക്ടോബര്‍ മാസത്തില്‍ ഈ ട്രാവല്‍ ഏജന്‍സി പൂട്ടി പ്രതികള്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് പുറക്കാട് സ്വദേശിയായ യുവാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും രണ്ടാം പ്രതി ബാബുവിനെ പെരുമ്പാവൂരുള്ള കുറുപ്പംപടിയില്‍നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സമാനമായി നിരവധി പേരില്‍നിന്നു പണം തട്ടിയിട്ടുള്ളതായി അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു. നിലവില്‍ പല സ്ഥലങ്ങളിലായി മാറി മാറി ഒളിവില്‍ താമസിക്കുകയായിരുന്നു രണ്ടാം പ്രതി ബാബു. 2016ല്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് സ്നേഹയ്ക്കും ബാബുവിനുമെതിരെ പെരുമ്പാവൂര്‍ സ്റ്റേഷനില്‍ കേസ് ഉണ്ട്. സ്ഥാപനം പൂട്ടിയ ശേഷം ഒന്നാം പ്രതി ഇടുക്കി ശാന്തംപാറ സ്വദേശിനിയായ സ്നേഹ എന്നു വിളിക്കുന്ന റുഷീദ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നു.
സ്നേഹയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിബിന്‍ദാസ്, മുഹമ്മദ് ഷഫീഖ്, സിവില്‍ പോലീസ് ഓഫീസര്‍ സുബിന് വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.