കോട്ടയം: വിദേശത്ത് നഴ്സിംഗ് ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയ കേസിൽ അമ്മക്കും മകൾക്കും മൂന്നു വർഷം കഠിനതടവും പിഴയും. പത്തനംതിട്ട കണ്ടംപേരൂർ ചക്കുളത്ത് റോസി ബാബു (50), മകൾ ബിൻസി ബാബു (31) എന്നിവരെ ശിക്ഷിച്ചുകൊണ്ട് കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ. ഇജാസ് ഉത്തരവായി.
ഒന്നാം പ്രതി ബിൻസി ബാബു പരാതിക്കാരായ ആറുപേർക്ക് 80,000 രൂപ വീതവും രണ്ടാംപ്രതി റോസി ബാബു ഈ ആറുപേർക്കും 40,000 രൂപ വീതവും പിഴയായി നൽകണം. പിഴ നല്കിയില്ലെങ്കിൽ ഒരു വർഷം അധികതടവ് പ്രതികൾ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
മഹാരാഷ്ട്രയിലെ താനെ സോനം പാരഡൈസ് കോപ്പറേറ്റിവ് ഹൗസിംഗ് സൊസൈറ്റിയിലെ ഗോൾഡൻ നെസ്റ്റ് വീട്ടിൽ താമസിച്ച് ആറ് മലയാളി നഴ്സുമാരെ യുകെ, സ്വിറ്റ്സർഡലാൻഡ് എന്നീ രാജ്യങ്ങളിൽ നഴ്സിംഗ് ജോലിക്കുള്ള വിസ വാഗദാനം ചെയ്ത് 12,60,000 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. പറഞ്ഞ കാലാവധിയിൽ ആർക്കും വിസ നല്കിയില്ല.
ഒന്നാം പ്രതി ബിൻസി ബാബുവിനൊപ്പം പരാതിക്കാർ ജോലി ചെയ്തിരുന്നു. പുതുപ്പള്ളി സ്വദേശിനി നഴ്സിന്റെ പിതാവ് കോട്ടയം ഈസ്റ്റ് പോലീസിന് 2013ൽ നൽകിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. 2010 ഫെബ്രുവരി രണ്ടു മുതൽ 2011 ജനുവരി മൂന്നു വരെയുള്ള സമയത്താണ് പ്രതികൾക്ക് പണം നല്കിയത്.
രണ്ടാം പ്രതി റോസി ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പരാതിക്കാർ തുക നിക്ഷേപിച്ചത്. ഇത് കേസിൽ നിർണായക തെളിവായി. പ്രോസിക്യൂഷനുവേണ്ടി ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ജെ. പത്മകുമാർ ഹാജരായി. അപ്പീൽ നല്കുന്നതിനായി പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.