അടൂർ: ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത്, വ്യാജനിയമന ഉത്തരവ് തയാറാക്കി മലമേക്കര സ്വദേശിനിയിൽനിന്ന് ഒന്പതു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നും രണ്ടും മൂന്നും പ്രതികളാണ് പിടിയിലായത്.
കൊല്ലം പെരിനാട് വെള്ളിമൺ വിനോദ് ഭവനിൽ വിനോദ് ബാഹുലേയൻ (50), നൂറനാട് ഐരാണിക്കുടി ചെറുമുഖ രോഹിണി നിലയം വീട്ടിൽ അയ്യപ്പദാസ് കുറുപ്പ് (22)ഇയാളുടെ സഹോദരൻ മുരുകദാസ് കുറുപ്പ്(29) എന്നിവരെയാണ് അടൂർ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
2021 മാർച്ചിൽ മുരുകദാസും അയ്യപ്പദാസും പരാതിക്കാരിക്ക് വിനോദിനെ പരിചയപ്പെടുത്തിയതാണ് സംഭവങ്ങളുടെ തുടക്കം. വിനോദ് സർക്കാർ വകുപ്പുകളിൽ ഉന്നത ബന്ധങ്ങളുള്ളയാളാണെന്നും പൊതു പ്രവർത്തകനാണെന്നും സർക്കാരിൽ സ്വാധീനമുണ്ടെന്നും ജോലി വാങ്ങിത്തരുമെന്നും പരാതിക്കാരിയെ പറഞ്ഞുവിശ്വസിപ്പിച്ചു.
തുടർന്നാണ് ഇവരിൽനിന്നു പണം കൈപ്പറ്റിയത്. ഏപ്രിലിൽ പരാതിക്കാരിക്ക് മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ക്ലർക്കായി ജോലിയിൽ നിയമിച്ചുകൊണ്ടുള്ള വ്യാജനിയമന ഉത്തരവും വിനോദ് നൽകി. എന്നാൽ, ജോലിയിൽ പ്രവേശിക്കുന്നതിന്റെ തലേന്ന് ഫോണിൽ വിളിച്ച് മറ്റൊരു ദിവസം ജോയിൻ ചെയ്താൽ മതിയെന്ന് അറിയിക്കുകയായിരുന്നു.
പുതിയ മന്ത്രിസഭയിൽ ആരോഗ്യമന്ത്രി മാറിവന്നതിനാൽ നിയമനം വൈകുമെന്നും ധരിപ്പിച്ചു. പിന്നീട്, നിരവധി തവണ പല കാരണങ്ങൾ പറഞ്ഞ് നിയമനം വൈകിപ്പിച്ചിതിനെത്തുടർന്ന്, സംശയം തോന്നി കിട്ടിയ നിയമന ഉത്തരവ് ചില സുഹൃത്തുക്കളെ കാണിച്ചപ്പോഴാണ് വ്യാജമാണെന്ന് യുവതിക്ക് മനസിലായത്.
കൈപ്പറ്റിയ പണം തിരികെ നല്കാൻ ആവശ്യപ്പെട്ടപ്പോൾ വിനോദ് ഒഴിഞ്ഞുമാറിയതിനെത്തുടർന്ന് ഇവർ പോലീസിൽ പരാതിനൽകുകയായിരുന്നു.മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത അടൂർ പോലീസ്, ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിർദേശാനുസരണം അടൂർ ഡിവൈഎസ്പി ആർ. ജയരാജിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു. പോലീസ് അന്വേഷിക്കുന്നെന്നു മനസിലാക്കിയ സംഘം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയി.
അടൂർ എസ്ഐ ആർ. രാജീവ്, എസ് സിപിഒമാരായ സൂരജ്, ശ്യാം കുമാർ എന്നിവരടങ്ങുന്ന അന്വേണ സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികൾ നൂറനാട്, കുണ്ടറ തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരത്തിൽ നിരവധി ആളുകളിൽനിന്നു ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇവർക്കെതിരേ സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് മറ്റൊരു കേസ് കൂടി അടൂർ പോലീസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് പോലീസ് നീക്കം. വിനോദിന്റെ പേരിൽ വഞ്ചനാ കേസടക്കം നിരവധി കേസുകൾ നിലവിലുള്ളതായി അന്വേഷണത്തിൽ വെളിവായിട്ടുണ്ട്.
ഒന്നാം പ്രതി വിനോദ് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും ഭാരവാഹിയും ഒരു പാർട്ടിയുടെ നിയമസഭാ സ്ഥാനാർഥിയുമായിരുന്നെന്നും വ്യക്തമായി. പൊതുപ്രവർത്തകൻ എന്നതരത്തിൽ ജനങ്ങളുടെ വിശ്വാസം നേടിയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.