അമ്പലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ വിദേശത്തായിരുന്ന യുവതി പിടിയിൽ. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് കരൂർ നടുവിലേ മഠത്തിൽ പറമ്പിൽ വിഷ്ണുവിന്റെ ഭാര്യ ഹരിത (24) യെയാണ് പുന്നപ്ര പോലീ സ് പിടികൂടിയത്.
നെടുമ്പാശേരിയിലെത്തിയ ഇവരെ പുന്നപ്ര സിഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാർഡ് പൂമീൻ പൊഴി പാലത്തിനു സമീപം ശരവണ ഭവനിൽ ശശികുമാറിന്റെ ഭാര്യ രാജിമോൾ ഇതേ കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.
ഇവരുടെ സഹോദരന്റെ ഭാര്യയാണ് ഹരിത. വിദേശത്ത് ചോക്ലേറ്റ് കമ്പനിയിലേക്ക് ഒഴിവുള്ള വിവിധ വിഭാഗങ്ങളിൽ ജോലി വാഗ്ദാനം നൽകി പലരില്‍നിന്നായി 60 ലക്ഷം രൂപയോളം വാങ്ങിയെന്നാണ് പോലീസ് പറയുന്നത്. ഹരിതയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.