കോട്ടയം: കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് മൂലവട്ടം സ്വദേശിനിയായ യുവതിയിൽനിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചേർത്തല സ്വദേശിയും ബംഗളൂരുവിൽ ബ്രൈറ്റ് ഗ്ലോബൽ സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടറുമായ ജോ ഫിലിപ്പിനെ(37)യാണു അറസ്റ്റ് ചെയ്തത്. 2018 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ലാബ് ടെക്നീഷ്യനായ ആതിരയ്ക്കു കുവൈറ്റിലെ ആശുപത്രിയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണു പ്രതി പണം വാങ്ങിയത്.
ആതിരയുടെ സുഹൃത്തുക്കൾക്ക് ഈ കന്പനി വഴി ജോലി ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ആതിരയും ഇവരെ ബന്ധപ്പെട്ടത്. പണം നൽകിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും ആതിരയ്ക്കു ജോലി ലഭിച്ചില്ല.
തുടർന്നാണ് ആതിര ജില്ലാ പോലീസ് മേധാവി പി.എസ്. സാബുവിനു കഴിഞ്ഞ നവംബറിൽ പരാതി നൽകിയത്.
വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ എം.ജെ. അരുണ്‍, വെസ്റ്റ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ ടി. ശ്രീജിത്ത്, എസ്ഐ കുര്യൻ മാത്യു, സീനിയർ സിവിൽ പോലീസ് ഓഫീസർ സി.കെ. നവീൻ എന്നിവർ ചേർന്ന് ബംഗളൂരുവിൽനിന്നു പ്രതിയെ പിടികൂടിയത്.