കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്ഥികളില്നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി എറണാകുളം സെന്‍ട്രല്‍ പോലീസ് അറിയിച്ചു.
കേസിലെ പ്രധാന പ്രതി തൃശൂര്‍ കല്ലേറ്റുംകര വല്ലക്കുന്ന് ഓട്ടോക്കാരന് വീട്ടില്‍ പോള്‍ ആന്റണിയെ (65) കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു.
എറണാകുളം സൗത്തില്‍ അല്‍ അമന് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരില്‍ പോളണ്ടിലേക്കും ജപ്പാനിലേക്കും പോകുന്നതിനുള്ള വിസ വാഗ്ദാനം ചെയ്താണ് പ്രതി തട്ടിപ്പ് നടത്തിയത്.
തട്ടിപ്പിനിരയായവരുടെ പരാതിയില്‍ പ്രതിക്കും സംഘത്തിനുമെതിരെ ഒന്നിലധികം കേസുകള്‍ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്.
എറണാകുളം എസിപി കെ. ലാല്‍ജിയുടെ നിര്‍ദേശാനുസരണം സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ എസ്.വിജയശങ്കര്‍, എസ്ഐ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, ഇഗ്നേഷ്യസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.