കോതമംഗലം: വിദേശജോലി വാഗ്ദാനം ചെയ്ത് നിരവിധി പേരിൽ നിന്നായി അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പാലക്കാട് സ്വദേശിയെ കോതമംഗലം പോലീസ് പിടികൂടി. മലമ്പുഴ സ്വദേശി പാലക്കാട് കൽമണ്ഡപത്തിന് സമീപം മണലി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന രാജ് നിവാസിൽ രാജേഷ് രാജു (38) ആണ് പിടിയിലായത്.
പോലീസിനു പിടികൊടുക്കാതെ നാളുകളായി മുങ്ങി നടക്കുകയായിരുന്നു പ്രതി. ഒരു മാസത്തിലേറെയായി പോലീസ് നിരീക്ഷണത്തിലായിരുന്നു ഇയാൾ. മഫ്ടിയിൽ പിന്തുടർന്ന പോലീസ് പ്രതിയുടെ വാഹനം ഇന്നലെ വൈകുന്നേരം തമിഴ്നാട് ഉടുമൽപേട്ടയിൽ ട്രാഫിക് സിഗ്നലിൽകുരുങ്ങിയപ്പോൾ സാഹസികമായാണ് പിടികൂടിയത്.
കോതമംഗലം കീരംപാറ, വടാട്ടുപാറ, പുന്നേക്കാട്, പാലമറ്റം എന്നിവിടങ്ങളിൽ നിന്നായി നിരവധി പേരിൽ നിന്ന് വിദേശ ജോലി വാഗ്ദാനം ചെയ്ത് 57 ലക്ഷം രൂപയോളം ഇയാൾ തട്ടിയതായാണ് അറിയുന്നത്. കൂടുതൽപേർ പ്രതിയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്. തെളിവെടുപ്പുകൾക്കു ശേഷമേ കൂടുതൽ വിവരം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കോതമംഗലം പോലീസ് ഈ ആഴ്ച പിടികൂടുന്ന രണ്ടാമത്തെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് ഇയാൾ. കഴിഞ്ഞ ദിവസം പിടികൂടി റിമാൻഡിൽ കഴിയുന്ന വൻസാമ്പത്തിക തട്ടിപ്പ് കേസ് പ്രതി കൊല്ലം സ്വദേശി റിജു ഇബ്രാഹിമിനെ തുടർ അന്വേഷണത്തിനായി ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നു കോതമംഗലം സിഐ ടി.ഡി.സുനില്‍കുമാര്‍ പറഞ്ഞു. എസ്ഐ രഞ്ജൻ കുമാർ, സിപിഒമാരായ ജീമോൻ, ജോബി ജോൺ, നിജു ഭാസ്കർ എന്നിവരുടെ നേത്യത്വത്തിലാണ് കേസ് അന്വേഷണം.