മങ്കൊമ്പ്: വിദേശ രാജ്യങ്ങളിൽ വിവിധ ജോലികൾ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത തിരുവനന്തപുരം സ്വദേശി പിടിയിൽ. നെടുമങ്ങാട് ഉഴമലക്കൽ പഞ്ചായത്ത് രണ്ടാം വാർഡ് ഉഴമലക്കൽ താജി മൻസിൽ സൗഫീക്കെന്ന താജുദീനെയാ (54)ണ് കൈനടി പോലീസ് പിടികൂടിയത്.
കുറെ നാളുകളായി കോയമ്പത്തൂർ സൗത്ത് ഉക്കടം സെക്കൻ ഡ്സ്ട്രീറ്റ് ബിലാൽ എസ്റ്റേറ്റ് ഹൗസ് നമ്പർ 28ൽ താമസിച്ചുവരികയായിരുന്നു ഇയാൾ. വിദേശ രാജ്യങ്ങളിലേക്ക് ആളുകളെ കയറ്റിയയയ്ക്കുന്നതിനായി 2022ൽ ഇയാൾ കോയമ്പത്തുർ ആസ്ഥാനമാക്കി സ്വകാര്യ ലിമിറ്റഡ് സ്ഥാപനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റാഫിനെ ഓൺലൈൻ ആപ്പ് വഴി തെരഞ്ഞെടുക്കുകയും അതിനുശേഷം സ്റ്റാഫുകളുടെ പേരിൽ കമ്പനി ആരംഭിക്കുകയും ചെയ്തു.
കമ്പനികെട്ടിടത്തിന്റെ വാടക എഗ്രിമെന്റും കമ്പനിയുടെ പേരിലുള്ള അക്കൗണ്ടുകളും കമ്പനി സ്റ്റാഫുകളുടെ പേരിലാണ് ആരംഭിച്ചത്. എന്നാൽ, അക്കൗണ്ടിൽ വരുന്ന പണം ഇയാൾ അപ്പോൾ തന്നെ എടിഎം കാർഡ് ഉപയോഗിച്ച് പിൻവലിക്കുകയാണ് ചെയ്യുന്നത്. ആ കാലയളവിൽ ഇയാൾ പ്രദീപ് നായർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
സ്ഥാപനം തുടങ്ങിയശേഷം തിരുവന്തപുരം മുതൽ കണ്ണുർ വരെയുള്ള ജില്ലകളിൽനിന്നായി 30 പേരിൽനിന്നും ഏകദേശം ഒന്നരക്കോടിയോളം രൂപയാണ് ഇയാൾ കൈവശപ്പെടുത്തിയത്. പണം നൽകിയശേഷം ഏറെനാളായിട്ടും ജോലി ലഭിക്കാതെയിരുന്ന അപേക്ഷകർ ഇയാളെ ബന്ധപ്പെടാൻ ശ്രമിക്കുകയും എന്നാൽ, അത് വിഫലമാകുകയും ചെയ്തതിനെതുടർന്ന് കബളിപ്പിക്കപ്പെട്ട നിക്ഷേപകർ വിവിധ സ്റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കൈനടി പോലീസ് സ്റ്റേഷനിൽ അഞ്ചു കേസു കൾ രജിസ്റ്റർ ചെയ്തു. പ്രദീപ് നായർ എന്ന കള്ളപ്പേരിൽ അറിയപ്പെട്ടിരുന്നത് താജുദ്ദീനാണെന്ന് മനസിലാക്കി അന്വേഷിച്ച് വരികയായിരുന്നു.ഇതിനിടയിൽ ഇയാളെ ചെന്നെ കോയംബേട് ഭാഗത്തുള്ള ഒരു ഗസ്റ്റ് ഹൗസ്സിൽനിന്ന് കൈനടി പോലീസ് പിടികൂടുകയായിരുന്നു. തിരുവനന്തപുരം വഞ്ചിയൂർ, കൊല്ലം കരുനാഗപ്പള്ളി, കണ്ണൂർ തലശേരി, പാലക്കാട് വടക്കാൻചേരി, തൃശൂർ കുന്നംകുളം, വരന്തരപള്ളി തുടങ്ങിയ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ചീറ്റിങ്ങ് കേസുകളിൽ ഒരു വർഷത്തിലേറയായി അന്വേഷിച്ച് വരുന്ന പിടികിട്ടാപ്പുള്ളിയാണ്.
ഇത് കൂടാതെ സമാന കുറ്റകൃത്യം നടത്തിയതിന് 2019ൽ തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലും മണ്ണൂത്തി പോലീസ് സ്റ്റേഷനിലും കൂടാതെ 2021-ൽ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത കേസുകളിൽ വിചാരണ നേരിട്ട് വരികയാണ്.ആ കുറ്റകൃത്യം ചെയ്ത സമയങ്ങളിൽ ഇയാൾ വിജയകുമാർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ചെന്നൈയിൽനിന്ന് ഇയാളെ കൈനടി പോലീസ് പിടികൂടിയ സമയം ലാപ്ടോപ്, മൊബൈൽ ഫോണുകൾ, പല ബാങ്കുകളുടെ 15 എടിഎം കാർഡ് എന്നിവ കണ്ടെത്തുകയും കൂടാതെ സന്തോഷ് എന്ന പേരിലുള്ളതും ടിയാളുടെ ഫോട്ടോ പതിച്ചതുമായ വ്യാജ ആധാർ കാർഡും കണ്ടെടുക്കുകയും ചെയ്തിരുന്നു. സന്തോഷ് എന്ന പേരിലുള്ള ആധാർ കാർഡ് വഴി നടത്തിയ അന്വേഷണത്തിൽ ഇയാൾ കോഴിക്കോട് പന്തീരാങ്കാവ് ബൈപ്പാസിന് സമീപത്തായി എൻലൈറ്റ്ലിങ്ക് എന്ന സ്ഥാപനം ജോൺ ബാഷ എന്നയാൾ മുഖേന നടത്തിവരുന്നതായി പോലീസ് കണ്ടെത്തി.
രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അമ്പലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.എൻ. രാജേഷിന്റെ നേതൃത്വത്തിൽ കൈനടി പോലീസ് ഇൻസ്പെക്ടർ ആർ. രാജീവ്, സീനിയർ സിപിഒമാരായ സനോജ്, സംജിത്ത് എന്നിവർ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിവരുന്നത്.