തിരുവനന്തപുരം: നിയമനക്കോഴ കേസിൽ അഖിൽ സജീവിന്റെ സുഹൃത്തും എഐഎസ്എഫ് നേതാവുമായ ബാസിത്തിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കന്റോണ്മെന്റ് പോലീസ് വീണ്ടും നിർദേശം നൽകി.
ഇന്ന് രാവിലെ കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനെതിരേ കോഴ ആരോപണം ഉന്നയിച്ച പരാതിക്കാരൻ ഹരിദാസിന്റെ സുഹൃത്താണ് ബാസിത്ത്.
കേസിലെ പ്രധാന പ്രതിയായ അഖിൽ സജീവിനെ മറ്റൊരു കേസിൽ പത്തനംതിട്ട പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കന്റോണ്മെന്റ് പോലീസും പത്തനംതിട്ടയിലെത്തി അഖിൽ സജീവിനെ ചോദ്യം ചെയ്തിരുന്നു.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന നാലംഗ സംഘമാണ് നിയമനക്കോഴയ്ക്ക് പിന്നിലെന്നാണ് അഖിൽ സജീവ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. റഹീസ്, ബാസിത്ത്, ലെനിൻരാജ്, അനുരൂപ് എന്നിവരാണ് നിയമനകോഴയ്ക്ക് പിന്നിലെന്നാണ് അഖിൽ സജീവ് പോലീസിനോട് വെളിപ്പെടുത്തിയത്.
അതേ സമയം മലപ്പുറം സ്വദേശിയായ ഹരിദാസ് നേരത്തെ മൊഴി നൽകിയത് അഖിൽ സജീവാണ് ഇടനിലക്കാരനായി നിന്നതെന്നാണ്.
അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപയും അഖിൽ സജീവിന് എഴുപത്തി അയ്യായിരം രൂപയും നൽകിയെന്നായിരുന്നു വ്യക്തമാക്കിയത്. ഹരിദാസിനോടും വീണ്ടും മൊഴി നൽകാൻ ഹാജരാകാനായി കന്റോണ്മെന്റ് പോലീസ് നിർദേശിച്ചെങ്കിലും ഹരിദാസ് കാണാമറയത്താണ്.
നിയമന കോഴക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി റഹീസിനെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലും വാട്ട്സ് ആപ്പ് ചാറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ കുടുതൽ തട്ടിപ്പുകൾ നടത്തിയെന്ന് പോലീസ് സ്ഥിരീകരിച്ചു.
റഹീസിന്റെ സുഹൃത്ത് ബാസിത്തിനെയും നേരത്തെ കന്റോണ്മെന്റ് പോലീസ് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊബൈൽ ഫോണിലെ പല വിവരങ്ങളും ഡിലീറ്റ് ചെയ്തതായി പോലീസ് കണ്ടെത്തി.
റഹീസിന്റെയും അഖിൽ സജീവിന്റെയും കുടുതൽ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ബാസിത്തിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നിർദേശം നൽകിയത്.
പത്തനംതിട്ട സിഐടിയും ജില്ലാ കമ്മിറ്റി ഓഫീസിലെ സാന്പത്തിക ക്രമക്കേട് കേസിലാണ് ഇന്നലെ പത്തനംതിട്ട പോലീസ് അഖിൽ സജീവിനെ തമിഴ്നാട് തേനിയിൽ നിന്നും അറസ്റ്റ് ചെയ്തത്.
കന്റോണ്മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഖിൽ സജീവിന്റെ അറസ്റ്റ് പോലീസ് ജയിലിലെത്തി വരും ദിവസം രേഖപ്പെടുത്തും.
പിന്നീട് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ച ശേഷം വിശദമായി ചോദ്യം ചെയ്യാനായി തിരുവനന്തപുരത്തേക്ക് കൊണ്ട് വരും. ഇതിന് വേണ്ട നടപടിക്രമങ്ങൾ ചെയ്യുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.