ചേര്‍ത്തല: എയ്ഡഡ് സ്കൂളില്‍ മകള്‍ക്കു ക്ലാര്‍ക്ക് നിയമനത്തിനായി സര്‍ക്കാര്‍ മുദ്രസഹിതമുള്ള വ്യാജനിയമന ഉത്തരവു നല്കി 2.15 ലക്ഷം രൂപ കബളിപ്പിച്ചെന്നുകാട്ടി വീട്ടമ്മ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കി.
ബിജെപി സംസ്ഥാന സമിതിയംഗം ആര്. ഉണ്ണിക്കൃഷ്ണനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. തട്ടിപ്പില്‍ നടപടി തേടി ബിജെപി നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട്.
മാരാരിക്കുളം വടക്കു പഞ്ചായത്ത് 11-ാം വാര്‍ഡ് ലക്ഷ്മിനിവാസില്‍ പ്രീന ഹരിദാസാണ് പരാതി നല്‍കിയത്. ബിജെപി മാരാരിക്കുളം പഞ്ചായത്തു കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയാണ് ഹരിദാസ്.
2021 ലാണ് മകള്‍ക്കു ജോലി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് ആര്. ഉണ്ണികൃഷ്ണന് സമീപിച്ചതെന്നും അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് 2.15 ലക്ഷം രൂപ സാറ എന്നു വിളിക്കുന്ന ഇന്ദുവിന്റെ അക്കൗണ്ടിലേക്കയ്യച്ചു നല്‍കിയതെന്നും പ്രീനയും ഭര്‍ത്താവ് ഹരിദാസും പത്രസമ്മേളത്തില്‍ പറഞ്ഞു.
നിരവധി ആളുകള്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും നേരത്തെ ചിലരുടെ പരാതിയില്‍ തിരുവനന്തപുരം സ്വദേശിയായ സാറ എന്നു വിളിക്കുന്ന ഇന്ദു, ചേര്‍ത്തല സ്വദേശി ശ്രീകുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തെന്നും പറയുന്നു.
ഇരുവരും പിന്നീട് ജാമ്യത്തിലിറങ്ങി. പണം കിട്ടാത്തതിനാല്‍ പരാതിയും പ്രതികരണവുമായി രംഗത്തിറങ്ങിയതോടെ ഭര്‍ത്താവിനുനേരേ വധഭീഷണിയടക്കം നിലനില്‍ക്കുന്നുണ്ടെന്നും പ്രീന ഹരിദാസിന്റെ പരാതിയില്‍ പറയുന്നു.