ചങ്ങനാശേരി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശി ജോലി വാഗ്ദാനം ചെയ്ത് ഏഴു ലക്ഷം രൂപ തട്ടിയെന്നു യുവതിയുടെ പരാതി. തൃക്കൊടിത്താനം സ്വദേശിനിയാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. പരാതി സംബന്ധിച്ച് ഐപിസി 420 പ്രകാരം പോലീസ് കേസെടുത്തു.
യുവതിയും വിദേശിയുമായി ഫേസ്ബുക്കിൽ ദീർഘകാലമായി സൗഹൃദം തുടർന്നിരുന്നു. ഇതേത്തുടർന്നാണു യുവതിക്കു ജോലി നൽകാമെന്നു വിദേശിയായ മൈക്കിൾ ലോണ എന്നയാൾ വാഗ്ദാനം നൽകിയത്. നെറ്റ് ബാങ്കിംഗ് വഴിയാണു പലതവണയായി ഇയാൾ യുവതിയിൽനിന്നും ഏഴുലക്ഷം രൂപ തട്ടിയെടുത്തത്.
ഡോളർ പാഴ്സലായി അയച്ചുനൽകാമെന്നും ഇതിന് നെറ്റ് ബാങ്കുകളിലൂടെ പണം അയച്ചുതരണമെന്നു പറഞ്ഞായിരുന്നു ആദ്യത്തെ തട്ടിപ്പ്. ജോലി ലഭിക്കാതെവന്നതോടെയാണു യുവതി പോലീസിനെ സമീപിച്ചത്. വിദേശത്തുള്ള കേസായതിനാൽ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കേസ് അന്വേഷിക്കാനുള്ള നടപടികളാണു നടത്തുന്നത്.