കാസര്‍ഗോഡ്: ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതിയായ ഡിവൈഎഫ്ഐ മുൻ വനിതാ നേതാവ് സചിത റൈ (27) അറസ്റ്റില്‍. ഇന്നലെ വൈകുന്നേരം വിദ്യാനഗറിലെ ജില്ലാ കോടതിക്കു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് സചിതയെ പോലീസ് പിടികൂടിയത്.
രണ്ടുമാസം മാത്രം പ്രായമായ കൈക്കുഞ്ഞിനൊപ്പം കാറിലിരിക്കുകയായിരുന്നു സചിത. അഭിഭാഷകനെ കണ്ടശേഷം കോടതി മുമ്പാകെ കീഴടങ്ങാനെത്തിയതാണെന്നു കരുതുന്നു. സചിതയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തേ ജില്ലാ കോടതി തള്ളിയിരുന്നു.
ബാഡൂർ എഎൽപി സ്കൂളിലെ അധ്യാപികയായ സചിത ഏതാനും മാസങ്ങളായി പ്രസവാവധിയിലായിരുന്നു. ഇതിനിടയിലാണ് നേരത്തേ നിരവധി പേർക്ക് കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയതുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നുവന്നത്.
കുമ്പള, ബദിയടുക്ക, മഞ്ചേശ്വരം, കാസര്‍ഗോഡ്, ആദൂര്‍, മേല്‍പറമ്പ്, കര്‍ണാടകയിലെ ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷനുകളിലായി 11 കേസുകളാണ് നിലവിൽ സചിതയ്ക്കെതിരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മുൻകൂർ ജാമ്യാപേക്ഷ തള്ളി ദിവസങ്ങൾ കഴിഞ്ഞിട്ടും സചിതയെ പോലീസ് അറസ്റ്റ് ചെയ്യാത്തതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.
കോഴിക്കോട് സ്വദേശിയായ ഭർത്താവിനും കുഞ്ഞിനുമൊപ്പം ഇവർ എറണാകുളത്തെ ഫ്ലാറ്റിൽ കഴിയുകയാണെന്ന സൂചനയാണ് നേരത്തേ ലഭിച്ചിരുന്നത്. ഇന്നലെ യുവമോർച്ചയുടെ നേതൃത്വത്തിൽ കുമ്പള പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും ഉപരോധവും നടക്കുന്നതിനിടയിലാണ് സചിതയെ പിടികൂടിയത്.