കൊച്ചി: കേന്ദ്രസർക്കാർ സ്ഥാപനം ആണെന്ന് വിശ്വസിപ്പിച്ച് ജോലി നൽകി പണം തട്ടിയ കേസിൽ ആലപ്പുഴ തോണ്ടംകുളങ്ങര കല്ലുപുരക്കൽ വീട്ടിൽ ഇതിഹാസ് (42) ഇതുവരെ തട്ടിയെടുത്തത് 45 ലക്ഷം രൂപ.
പരാതിയുടെ അടിസ്ഥാനത്തിൽ സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി റിമാൻഡിലാണ്.
ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ സെൻട്രൽ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്. നിലവിൽ ഇയാൾക്കെതിരെ ഒൻപത് പരാതികളാണ് ലഭിച്ചിരിക്കുന്നത്.
മുൻമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായും, അഗ്രികൾച്ചറൽ ബോർഡ് ചെയർമാനായും ഖാദി ബോർഡ് ചെയർമാനായും പ്രവർത്തിച്ചിരുന്ന ആളാണ് ഇതിഹാസ്.
സൊസൈറ്റി ഓഫ് ഈ ഗവേണൻസ് ഡിജിറ്റലൈസേഷൻ എന്ന സ്ഥാപനം സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തശേഷം ഇതിഹാസും കൂട്ടു പ്രതികളും ഒന്നിച്ച് മറ്റ് ബോർഡ് മെന്പർമാരെ മാറ്റി ഇതൊരു തട്ടിപ്പ് സ്ഥാപനം ആക്കി മാറ്റുകയായിരുന്നു.
സർക്കാർ സ്കൂളുകളിൽ ലൈബ്രറികൾ ഡിജിറ്റലൈസേഷൻ ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ കീഴിലുള്ള സ്ഥാപനമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഈ സ്ഥാപനത്തിലേക്ക് ഉദ്യോഗാർഥികളെ ജോലിക്ക് എടുത്ത് അവരിൽനിന്ന് മൂന്നുലക്ഷം രൂപ മുതൽ 6 ലക്ഷം രൂപ വരെ ഡെപ്പോസിറ്റ് വാങ്ങി ചതിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
നൂറോളം ആളുകളാണ് ഈ വഞ്ചനയിൽ പെട്ടത്. പ്രതിയുടെ സ്വാധീനം ഉപയോഗിച്ച് അണികളെ ഏജന്റുമാരായി ഉപയോഗിച്ച് അവർക്ക് പരിചയമുള്ളവരെ കേന്ദ്രസർക്കാർ സ്ഥാപനമാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ജോലിക്ക് എടുക്കുകയായിരുന്നു
ജോലിക്ക് കയറിയതിനു ശേഷം ശന്പളം കിട്ടാതെ വന്നതിനെ തുടർന്ന് പരാതിക്കാർ പണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് ചതി മനസിലായത്.
കേസെടുത്തതിനെ തുടർന്ന് പ്രതികൾ ഒളിവിൽ പോയി. ഈ കേസിലെ പ്രതികളായ ഷാജി ആലുങ്കലിനെയും സുരേഷിനെയും അറസ്റ്റ് ചെയ്തു നേരത്തെ റിമാൻഡ് ചെയ്തിരുന്നു.
കേസിൽ ഇതിഹാസിന്റെ ഭാര്യ നിധിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിഹാസന്റെ ജാമ്യം ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.
ആലപ്പുഴ മുഹമ്മയിൽ പ്രതി ഒളിവിൽ താമസിക്കുന്ന വീട്ടിൽ പോലീസ് എത്തിയ സമയം ഇയാൾ മുകളിലത്തെ നിലയിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. പോലീസ് ഓടിച്ചിട്ടാണ് പ്രതിയെ പിടികൂടിയത്.