കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്തു പലരിൽനിന്നായി 2.18 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പ്രധാന പ്രതിയായ ഏറ്റുമാനൂർ സ്വദേശി ജോഷി തോമസിനെതിരേ ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കാൻ പോലീസ് തീരുമാനം. വിമാനത്താവളങ്ങളിൽ ഉൾപ്പെടെ നാളെ ലുക്ക് ഒൗട്ട് നോട്ടീസ് കൈമാറുമെന്നും ഇയാളെ എത്രയും വേഗം പിടികൂടാനുള്ള നടപടികളാണു സ്വീകരിച്ചുവരുന്നതെന്നും അധികൃതർ വ്യക്തമാക്കി.
അന്വേഷണത്തിനിടെ ഇയാൾ മുന്പും സമാനമായ തട്ടിപ്പ് നടത്തിയതായ വിവരവും പോലീസിനു ലഭിച്ചു. പാല, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ ഉൾപ്പെടെ ഇയാൾക്കെതിരേ കേസുണ്ടായിരുന്നതായാണു കണ്ടെത്തൽ. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പായിരുന്നു ഇവിടങ്ങളിലും നടത്തിവന്നിരുന്നത്. ഇതിനു പിന്നാലെയാണ് എറണകുളം സൗത്ത് പോലീസും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നത്.
കേസിൽഇയാൾ ഉൾപ്പെടെ നാലുപേർകൂടിയാണ് ഇനി സൗത്ത് പോലീസിന്റെ പിടിയിലാകാനുള്ളത്. തട്ടിപ്പ് വീരനായ ജോഷി സ്വമേധയാ ഹാജരാകാനുള്ള സാധ്യതയില്ലെന്നാണു പോലീസിന്റെ നിഗമനം. കാഞ്ഞങ്ങാട് സ്വദേശികളായ മറ്റു പ്രതികൾ നാട്ടിൽതന്നെയുള്ളതായി പോലീസ് പറയുന്നു. ഇവരെ ഉടൻ പിടികൂടാനാകുമെന്നാണു കണക്കുകൂട്ടൽ. ജോഷി തോമസിന്റെതുൾപ്പെടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച പോലീസ് അക്കൗണ്ടിലെത്തിയ മുഴുവൻ പണവും പിൻവലിച്ചതായും തിരിച്ചറിഞ്ഞു.
ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണവും അധികൃതർ നടത്തിവരികയാണ്. അതിനിടെ, കേസിൽ കഴിഞ്ഞ ദിവസം പിടിയിലായി റിമാൻഡിൽ കഴിയുന്ന കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിനി മാർഗരറ്റ് മേരിയെ (43) അടുത്ത തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. 67 പേരിൽനിന്നായി 2.18 കോടിയോളം രൂപയാണു പ്രതികൾ തട്ടിയെടുത്തത്. ഒരു പ്രെയർ ഗ്രൂപ്പുമായി ബന്ധപ്പെട്ടുകൊണ്ടുകൊണ്ടായിരുന്നു പ്രതികളുടെ കബളിപ്പിക്കൽ.
ഉദ്യോഗാർഥികളിൽനിന്ന് പലപ്പോഴായി ഇവർ പണം കവരുകയായിരുന്നു. പ്രതി ആവശ്യപ്പെട്ട പണം ബാങ്ക് അക്കൗണ്ടിലെത്തിയതിനുശേഷം ജോലിക്കാര്യം പറയുന്പോൾ പലവിധ കാര്യങ്ങൾ പറഞ്ഞൊഴിയും. മാസങ്ങൾക്കുമുന്പ് പണം നൽകിയിട്ടും ഇതുവരെ ജോലി ലഭിക്കാതായതോടെയാണു ഉദ്യോഗാർഥികൾ പ്രതികൾക്കെതിരെ രംഗത്തെത്തിയത്. തട്ടിപ്പിനിരയായവരുടെ പരാതിയിലാണു എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.