കൊട്ടാരക്കര: ബാങ്കുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം ഒളിവിൽ പോയി യുവാവിനെ കൊട്ടാരക്കര പോലീസ് പിടികൂടി. വാളകം അമ്പലക്കര വയ്യംകുളത്ത് തെക്കേക്കര വീട്ടിൽ ജിജോ ബാബു (29) ആണ് പിടിയിലായത്.
നിരവധി പേർ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്.ഇന്ത്യൻ ബാങ്കിൽ ജോലി വാഗ്ദാനം നൽകി അമ്പലക്കര സ്വദേശിയിൽ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വാളകം സ്വദേശി റിട്ട. അധ്യാപകനിൽ നിന്നും മകന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് 15 ലക്ഷം രൂപയും റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പത്തനാപുരം പിടവൂർ സ്വദേശിയിൽ നിന്നും 8.5 ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു.
പറഞ്ഞ സമയത്ത് ജോലി ലഭിക്കാതെ വന്നതോടെ തട്ടിപ്പിനിരയായവർ നേരിട്ടും ഫോൺ മുഖേനയും ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് തിരച്ചിലാരംഭിച്ചതോടെ ഇയാൾ മുങ്ങുകയായിരുന്നു.
അടൂരിൽ ഒളിവിൽ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കൊട്ടാരക്കരയിൽ നിന്നും പോലീസ് സംഘമെത്തി പ്രതിയെ പിടികൂടി. എസ്ഐമാരായ രാജീവ്, സാബുജി, രാധാകൃഷ്ണൻ സി പിഒമാരായ ആഷിഷ് കോവൂർ, ശിവശങ്കരപ്പിള്ള, സജി ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുള്ളതായി പോലീസ് സംശയിക്കുന്നു. ആ വഴിക്കുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.