കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്തു പലരിൽനിന്നായി 2.18 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പിടിയിലായ പ്രതിയുടെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പോലീസ്. ഇംഗ്ലണ്ടിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിനി മാർഗ്രറ്റ് മേരിയുടെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണമാണു പുരോഗമിക്കുന്നത്.
ഇവരുടെ തട്ടിപ്പിന് ഇതര സംസ്ഥാനങ്ങളിൽനിന്നടക്കം കൂടുതൽ പേർ ഇരയായെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. വരും ദിവസങ്ങളിൽ ഇവർക്കെതിരേ കൂടുതൽ പരാതികൾ ഉയർന്നുവരാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. പ്രതിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഒരു വിദേശി ഉൾപ്പെടെ നാലുപേർ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചതായാണ് വിവരം. കൂട്ടുപ്രതികൾ ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം ശക്തമാക്കിയതായും എറണാകുളം സൗത്ത് പോലീസ് അറിയിച്ചു.
ഇരയായവർക്ക് പ്രതികൾ നൽകിയ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചു തുടങ്ങി. കോട്ടയം, കാസർഗോഡ് ഉൾപ്പെടെയുള്ള ജില്ലകളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറ്റം ചെയ്തിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ജോഷി തോമസ് എന്നയാളുടെ അക്കൗണ്ടിലേക്കാണ് പ്രധാനമായും 2.18 കോടിയോളം രൂപ പോയിരിക്കുന്നത്. ഇയാൾ വിദേശത്താണെന്നാണ് പോലീസിൽനിന്ന് ലഭിക്കുന്ന സൂചന.
ഒരു പ്രെയർ ഗ്രൂപ്പുമായി ബന്ധപ്പെട്ട് ചില വ്യക്തികളെ കബളിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇംഗ്ലണ്ടിൽ നഴ്സിങ് കെയർ അസിസ്റ്റന്റിന്റെ ജോലി വാഗ്ദാനം ചെയ്ത് 67 ഉദ്യോഗാർഥികളിൽനിന്നായാണ് 2.18 കോടിയോളം രൂപ പ്രതികൾ തട്ടിയെടുത്തത്. ഉദ്യോഗാർഥികൾക്ക് മൂന്നുലക്ഷം രൂപ മുതൽ ആറുലക്ഷം രൂപവരെ നഷ്ടമായിട്ടുണ്ട്.
ഈ വർഷം ഫെബ്രുവരിയിൽ ഒരു വിദേശിയാണ് ജോലിക്കാര്യം പറഞ്ഞ് ഉദ്യോഗാർഥികളെ ആദ്യം ബന്ധപ്പെട്ടതത്രേ. തുടർന്ന് മാർഗ്രറ്റും ഫോണിൽ ഉദ്യോഗാർഥികളെ വിളിച്ചു. ആർക്കും സംശയമില്ലാത്ത രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റം. പ്രതി ആവശ്യപ്പെട്ട പണം ബാങ്ക് അക്കൗണ്ടിലെത്തിയതിനുശേഷം ജോലിക്കാര്യം പറയുന്പോൾ പലവിധ കാര്യങ്ങൾ പറഞ്ഞൊഴിയുകയായിരുന്നു.
40 ഉദ്യോഗാർഥികളോട് 55,000 രൂപയുമായി ചൊവ്വാഴ്ച രാവിലെ രവിപുരത്തെത്താൻ ആവശ്യപ്പെട്ടിരുന്നു. തുക കൈപ്പറ്റിയശേഷം ഒഴിഞ്ഞ് മാറിയതോടെ ഉദ്യോഗാർഥികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എറണാകുളം സൗത്ത് എസ്ഐ റോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണു പ്രതിയെ അറസ്റ്റ് ചെയ്തത്.