മാവേലിക്കര: ദേവസ്വം ബോര്‍ഡ്, ബിവറേജസ് കോര്പറേഷന് എന്നിവിടങ്ങളില്‍ ക്ലര്‍ക്ക്, അറ്റന്‍ഡര്‍, പ്യൂണ്‍ തസ്തികകളില്‍ ജോലി വാഗ്ദാനംചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തിനു പിന്നാലെ മാവേലിക്കരയിൽ വീണ്ടും തൊഴിൽത്തട്ടിപ്പ്.
ചവറയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡി(ഐആർഇഎൽ)ൽ കരാറടിസ്ഥാനത്തിൽ ജോലി നൽകാമെന്നു വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽനിന്നു പണംതട്ടിയ വിരുതനെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു.
കരുനാഗപ്പള്ളി മരുതൂർ കുളങ്ങര വടക്ക് മങ്ങാട്ട് തെക്കേത്തറ വീട്ടിൽനിന്നു മാവേലിക്കര പല്ലാരിമംഗലം തൈവിളയിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന സുകു ഭവാനന്ദ(39)നാണ് അറസ്റ്റിലായത്.
മുൻപ് ഐആർഇഎലിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഇയാൾ മാവേലിക്കര മുള്ളിക്കുളങ്ങര, ചെട്ടികുളങ്ങര, തഴക്കര, പല്ലാരിമംഗലം, വീയപുരം, ഹരിപ്പാട് , ആലപ്പുഴ, പാലക്കാട് സ്വദേശികളായ 25 ഓളം പേരിൽനിന്നു 6000 മുതൽ 12,000 രൂപ വരെ തട്ടിയെടുത്തിട്ടുണ്ട്.
ഇയാളുടെ വീട്ടിൽനിന്നു നിരവധി പേരുടെ ബയോഡേറ്റകളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.പ്രതിയെ റിമാൻഡ് ചെയ്തു. മാവേലിക്കര പോലീസ് ഇൻസ്പെക്ടർ സി. ശ്രീജിത്ത്, എസ്ഐ സി.എച്ച്. അലി അക്ബർ, സീനിയർ സിപിഒ എൻ.എസ്. സുഭാഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.